തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംഘടിപ്പിച്ച അന്തര്‍വൈജ്ഞാനിക ദേശീയ സെമിനാറിന്റെ രണ്ടാംദിനത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, കമ്പ്യൂട്ടറൈസേഷന്‍ എന്നീ വിഷയങ്ങളെ അധികരിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. അരുള്‍ മൊഴി ‘ഇമോഷന്‍ ഇന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്’ എന്ന പ്രബന്ധം അവതരിപ്പിച്ചു. നിത്യജീവിതത്തില്‍ വൈകാരികമായ്ക്ക് പ്രധാന പങ്കാണുള്ളതെന്നും സമൂഹ മാധ്യമങ്ങളുടെ യുഗത്തില്‍ വൈകാരികതയ്ക്ക് ചിഹ്നങ്ങളായി രൂപമാറ്റം വന്നതായും അദ്ദേഹം വ്യക്തമാക്കി. കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവം ഭാഷയ്ക്ക് നാനാതലത്തിലുള്ള വാതായനങ്ങള്‍ തുറന്നുകൊടുത്തതായി ദ്രാവിഡ സര്‍വകലാശാല പ്രൊഫസര്‍ കേശവമുര്‍ത്തി പറഞ്ഞു. ‘നെസസിറ്റി ഓഫ് കണ്‍ട്രോള്‍ ലാംഗ്വേജ് ഇന്‍ മെഷീന്‍ ട്രാന്‍സ്ലേഷന്‍’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാതര്‍ജമയില്‍ കമ്പ്യൂട്ടറുകള്‍ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതലമുറ നെറ്റ്‌വര്‍ക്കിംഗിലൂടെ ആശയങ്ങള്‍ കൈമാറുന്നത് വ്യാകരണ തെറ്റുകള്‍ നോക്കാതെയും പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടുകൂടിയുമാണ്. മാതൃഭാഷയില്‍ ഇംഗ്ലീഷിന് പകരമായി വാക്കുകള്‍ ഉണ്ടെങ്കിലും വ്യത്യസ്ഥ ഭാഷകള്‍ കൂട്ടികലര്‍ത്തിയാണ് ഇന്നത്തെ തലമുറ ആശയങ്ങള്‍ കൈമാറുന്നതെന്ന് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ജി. പളനിരാജന്‍ അഭിപ്രായപ്പെട്ടു. ‘സൈബര്‍ തമിഴ്: ടുവേഡ്‌സ് ആന്‍ ആമ്ഫിഗ്ലോഷ്യാ’ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. അച്ചടിയുടെ സൈബര്‍ ഭാഷ എന്ന വിഷയത്തെക്കുറിച്ച് മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ കെ.എസ്. ബിമിനിത്, ‘മീമിനും ട്രോളിനുമിടയില്‍ ആശയവിനിമയത്തിന്റെ സൈബര്‍ വഴക്കങ്ങള്‍’ എന്ന വിഷയത്തില്‍ സെബിന്‍ അബ്രഹാം ജേക്കബ് എന്നിവര്‍ സംസാരിച്ചു.
‘സൈബര്‍ സാഹിത്യം: സാധ്യതകളും ആശങ്കകളും’, ‘സൈബര്‍ ഭാഷയും സാഹിത്യരചനയും’, ‘സൈബര്‍ സാഹിത്യം ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങളും വ്യക്തിനിലപാടുകളില്‍ സാധിക്കുന്ന സുതാര്യതയും’, ‘മലയാള ബ്ലോഗുകള്‍: സാധ്യതകള്‍ പരിമിതികള്‍’, ‘സൈബര്‍ സാക്ഷരത: അറിവിന്റെ അസമത്വം’, മൂല്യബോധം ഫെയ്‌സ് ബുക്കില്‍ പ്രതിഫലിക്കപ്പെടുന്നത് എങ്ങനെ?’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി യഥാക്രം മലയാളസര്‍വകലാശാല അസി. പ്രൊഫസര്‍മാരായ ഡോ. രോഷ്‌നി സ്വപ്ന, ഡോ. അശോക് ഡിക്രൂസ്, വിദ്യാര്‍ത്ഥികളായ അര്‍ച്ചന മോഹന്‍, കെ.പി. കൃപ, യദുനന്ദന്‍, അരുണ്‍കുമാര്‍, മെര്‍ലിന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, ഡോ. ലാല്‍ മോഹന്‍, പ്രൊഫ. ടി. അനിതകുമാരി, ഡോ. രാജീവ് മോഹന്‍ എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
