മരണകാരണം കീടനാശിനി

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിന് കീടനാശിനിയും കാരണമായെന്ന രാസപരിശോധനാ ഫലം പുറത്തു വന്നതോടെ മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. ക്ലോര്‍പിറിഫോസ് എന്ന കാര്‍ഷികാവശ്യത്തിനുള്ള കീടനാശിനിയുടെ അംശമാണ് മണിയുടെ ആന്തരാവയവ പരിശോധനയില്‍ കണ്ടെത്തിയത്. വിഷമടങ്ങിയ മദ്യമാണോ കഴിച്ചത് അതോ മറ്റെന്തെങ്കിലും തരത്തില്‍ കീടനാശിനി ഉള്ളിലെത്തിയതാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും കണ്ടെത്തിയിരുന്നു. എന്നാല്‍ മെഥനോളിന്റെ അംശം കുറയാന്‍ കാരണം രണ്ടു ദിവസത്തെ ചികിത്സയെ തുടര്‍ന്നാവാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കലാഭവന്‍ മണിയുടെ മദ്യത്തില്‍ മെഥനോള്‍ കലര്‍ത്തിയതാവാമെന്നായിരുന്നു എക്‌സൈസ് പ്രാഥമിക അന്വേഷണ നിഗമനം. കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നതിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മണിക്കൊപ്പം മദ്യപിച്ച സുഹൃത്തുക്കളില്‍ നിന്ന് പൊലീസ് വിശദമായി വീണ്ടും മൊഴിയെടുത്തു തുടങ്ങി. കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മണിയുടെ സാഹയികളായ അരുണ്‍, വിപിന്‍ പാചകക്കാരന്‍ മുരുകന്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മാര്‍ച്ച് ആറിന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിച്ചത്. മീഥൈല്‍ ആല്‍ക്കഹോള്‍ അംശം ശരീരത്തിലുണ്ടെന്ന സംശയം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടവും തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ വിശദ പരിശോധനയ്ക്കും അയച്ചത്. ഇതേ തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *