തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു.
അതേസമയം, പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി തിരികെയെത്തിയ കേരളാ കോണ്‍ഗ്രസ് എം സമ്മര്‍ദ്ദം ശക്തമാക്കിയിരിയ്ക്കുകയാണ്. കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നാണ് ഇപ്പോള്‍ പര്‍ട്ടി അവകാശപ്പെടുന്നത്.
ഇത്തവണ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറപ്പ് പറഞ്ഞിട്ടുണ്ടെന്നും കോട്ടയം സീറ്റ് വച്ചുമാറാനുള്ള സാധ്യതയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
അതേസമയം, കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജനുവരി 24 മുതല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര തുടങ്ങും. ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം അതിന് ശേഷമേ ഉണ്ടാകൂവെന്നും ജോസ് കെ മാണി അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിക്കാനിരിക്കെയാണ് കേരളാ കോണ്‍ഗ്രസ് എം സീറ്റിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റില്‍ 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസ്, ആര്.എസ്.പി. എന്നിവരാണ് മത്സരിക്കുന്നത്.
