പീഡനം: കോണ്‍ഗ്രസ് നേതാവിനെ തേടി പോലീസ് കര്‍ണാടകത്തിലേക്ക്

വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജിനെ തേടി പോലീസ് കര്‍ണാടകത്തിലേക്ക് . വയനാട് ജില്ലയില്‍ ജോര്‍ജ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജോര്‍ജ് കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്ന് ബന്ധുക്കള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ണാടകത്തിലേക്ക് ഇന്ന് തിരിക്കുന്നത്.ബെംഗലുരുവില്‍ താമസിക്കുന്ന ജോര്‍ജിന്റെ ഉറ്റ സുഹൃത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ബന്ധുക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ജോര്‍ജ് കോടതിയില്‍ കീഴടങ്ങുമോ എന്ന സംശയവും പോലീസിനുണ്ട്. അതുകൊണ്ട് തന്നെ ബത്തേരി, കല്‍പറ്റ, മാനന്തവാടി കോടതികളിലെത്തുന്നവര്‍ പോലീസ് നിരീക്ഷണത്തിലാണ്.

പീഡനത്തിനിരയായ പെണ്‍കുട്ടി ഇന്നലെ രാത്രി ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്ബാകെ രഹസ്യമൊഴി നല്‍കി. ഇതിന്റെ പകര്‍പ്പ് ഇന്ന് പോലീസ് ആവശ്യപ്പെടും. അതേസമയം നാലുമണിക്കു മുമ്ബ് പ്രതിയെയും സഹായികളെയും പിടികൂടിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ആദിവാസി ക്ഷേമസമിതി മുന്നറിയിപ്പ് നല്‍കി.

ബത്തേരി അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ജോര്‍ജിനെ പുറത്താക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐയും ഇന്നു വൈകിട്ട് ബാങ്കിനു മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് അറിയിച്ചു. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി . പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു . ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *