സി​ബി​ഐ​ക്ക് പു​തി​യ മേ​ധാ​വി

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പുതിയ സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുന്‍ മധ്യപ്രദേശ് ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് പുതിയ സിബിഐ ഡയറക്ടറെ പല ദിവസങ്ങള്‍ നീണ്ട സിറ്റിങിനൊടുവില്‍ നിയമിച്ചത്. 30 ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്നാണ് ശുക്ലയുടെ നിയമനം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും അടങ്ങിയ സമിതി ഇന്നലെയും യോഗം ചേര്‍ന്നിരുന്നു.

സിബിഐ ഡയറക്ടര്‍ നിയമനം നീണ്ടുപോവുന്നതിനെ ഇന്നലെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു. സിബിഐ പോലൊരു സംവിധാനം ഇടക്കാല ഡയറക്ടറുമായി മുന്നോട്ടു പോവുന്നത് അംഗീകരിക്കാനാവില്ലെന്ന വിമര്‍ശനമാണ് സുപ്രിം കോടതി ഉന്നയിച്ചത്.

സി.ബി.ഐ. ഡയറക്ടറെ തീരുമാനിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതി വെള്ളിയാഴ്ച ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. ഡയറക്ടര്‍സ്ഥാനത്തേക്ക് സി.ബി.ഐ മേധാവിയെ ഉടന്‍ നിയമിക്കണമെന്നും താല്‍ക്കാലിക ഡയറക്ടര്‍ക്ക് ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി ഇന്നലെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *