സ്വന്തം പ്രതിമ നിര്‍മിക്കാന്‍ ഖജനാവിലെ പണം… മായാവതി പണം തിരിച്ചടയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ്!!

ദില്ലി: ബിഎസ്പി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച്‌ സ്വന്തം പ്രതിമ നിര്‍മിച്ച കേസില്‍ മായാവതിക്കെതിരെ സുപ്രീം കോടതി. പ്രതിമയും പാര്‍ട്ടി ചിഹ്നമായ ആനയും സ്ഥാപിച്ച നടപടിയില്‍ ചിലവായ തുക മായാവതി തിരിച്ചടയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. പൊതുപണം ഉപയോഗിച്ച്‌ മായാവതി നിര്‍മിച്ച കാര്യങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. നോയിഡയിലും ലഖ്‌നൗവിലുമാണ് കൂടുതലായും പ്രതിമകള്‍ സ്ഥാപിച്ചത്. ഇത് ബിജെപിയുടെ നേതൃത്വത്തില്‍ വലിയ കേസായി ഉയര്‍ന്ന് വരികയായിരുന്നു. നേരത്തെ അഖിലേഷ് യാദവ് കേസിനായി ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

നേരത്തെ രവികാന്ത് എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് മായാവതിയുടെ കാലത്തെ അഴിമതി പുറത്തുവരുന്നത്. കേസ് ആദ്യമായിട്ടാണ് ചീഫ് ജസ്റ്റിസിന് മുന്നിലെത്തുന്നത്. നിലവില്‍ മായാവതി ഈ പണം തിരിച്ച്‌ നല്‍കണമെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം കേസ് മെയില്‍ പരിഗണിക്കണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. മായാവതിക്കെതിരെ കോടതി വിധിയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് വലിയിരുത്തല്‍. 1200 കോടിയാണ് മായാവതി പ്രതിമ നിര്‍മാണത്തിനായി ചെലവിട്ടത്. സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് കീഴിലാണ് കഴിയുന്നത്. ഇത് തെറ്റാണെന്നായിരുന്നു എതിര്‍ കക്ഷികള്‍ വാദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *