ഭീഷണി ; എസ്.ഐ. ക്കെതിരേ നടപടിയെടുക്കണം : സി.പി.എം ഭാരവാഹികള്‍

പുല്പള്ളി: കുടുംബ പ്രശ്നം സംബന്ധിച്ച കാര്യത്തില്‍ യുവാവിനെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട എസ്.ഐ. ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ഏരിയാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കുടുംബ പ്രശ്നത്തെ തുടര്‍ന്നുള്ള പരാതിയില്‍ ചെറിയകുരിശ് സ്വദേശി ശ്യാംകുമാറിനെ പുല്പള്ളി എസ്.ഐ. പോലീസ് സ്റ്റേഷനില്‍ വെച്ച്‌ അമ്മയുടെയും പൊതുപ്രവര്‍ത്തകരുടെയും മുന്നിലിട്ട് മര്‍ദിക്കുകയുണ്ടായി. ഇത് സംബന്ധിച്ച്‌ എസ്.ഐ. ക്കെതിരേ പരാതിയുള്ള സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ യുവാവിനെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിരിക്കുന്നത്.

എസ്.ഐ. യുടെ മര്‍ദനത്തില്‍ പരിക്കേറ്റ ശ്യാംകുമാറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടും 20 ദിവസമായി എഫ്‌.ഐ.ആര്‍. ചെയ്യാതെ മാറ്റി വെച്ചിരിക്കുകയാണ്. എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ ജനകീയ പോലീസ് നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *