പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തണം; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി പാഠ്യ പദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റല്‍ ക്ലാസുകളുമായി കുട്ടികളെ വരവേല്‍ക്കാന്‍ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപകരുടെ പ്രതിഷേധം നടക്കുകയാണ്.

നീന്തല്‍ പഠിക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍ക്കുളം സജ്ജമാക്കും.ലഹരിക്കെതിരെ ജനകീയ പ്രചാരണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രവേശനോത്സവ ദിവസമായ ഇന്ന് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ ആശങ്കയില്ലെന്നും പ്രതിപക്ഷ അനുകൂല സംഘടനകള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

അതേസമയം പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഹയര്‍സെക്കണ്ടറി മേഖലയിലെ അധ്യാപകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ സംരക്ഷണസമിതി വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. പരിഷ്‌കാരങ്ങള്‍ക്കെതിരായ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം വിദ്യാഭ്യാസമേഖലയിലെ ഘടനാപരമായ മാറ്റങ്ങളോടെയാണ് ക്ലാസ് തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *