നിലമ്ബൂര്‍: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയായ ജൗഹീറുല്‍ ഇസ്ലാമിനെയാണ് നിലമ്ബൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജൗഹീറുല്‍ ഇസ്ലാം 3 വര്‍ഷം മുമ്ബാണ് മുഹസിമ ഹാത്തൂണിനെ വിവാഹം കഴിച്ചത്. ഇരുവരും നിലമ്ബൂരില്‍ കരുളായി റോഡില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ടു വയസായ ഒരു മകനുണ്ട്. ജൗഹീറുല്‍ മദ്യപിച്ച് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ കലഹം തുടങ്ങിയത്. ഇതേ തുടന്ന് തന്നെ വീട്ടില്‍ കൊണ്ടു ചെന്നാക്കാന്‍ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുല്‍ ഇസ്ലാം ചോദിച്ചെങ്കിലും നല്‍കിയില്ല.
തുടര്‍ന്ന് ഇയാള്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ വെച്ച മണ്ണെണ്ണ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ മുഹസിമയെ അയല്‍വാസികളാണ് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തീപൊള്ളല്‍ ഗുരുതരമായതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സക്ക് ശേഷം മുഹസിമയെ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
