ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ നേരിട്ട ഇടുക്കിയിലെ കര്‍ഷകര്‍ക്ക് കടാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറൊട്ടോറിയത്തിനു റിസേര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ഷകരെ കൂട്ടത്തോടെ വീണ്ടും ആശയ കുഴപ്പത്തിലാക്കുമെന്നും കര്‍ഷകര്‍ക്കും കടംകൊണ്ട് വലഞ്ഞവര്ക്കും ആശ്വാസം ലഭിക്കുന്നതിനായി റിസേര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ പിന്‍വലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ഇന്നലെ ലോക്സഭയിലെ ശൂന്യവേളയിലാണ് ഡീന്‍ വിഷയം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ഇരുപതോളം കര്‍ഷകരാണ് ആല്മഹത്യ ചെയ്തത്. ഇതില്‍ ഇടുക്കിയിലെ ഒന്‍പതു കര്‍ഷകര്‍ ജപ്തി നടപടികളെ ഭയന്നാണ് ജീവനൊടുക്കിയത്.
2014 നു ശേഷം കേന്ദ്ര സര്‍ക്കാര്‍, കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപ എഴുതിത്തള്ളിയപ്പോള്‍ രാജ്യത്തിന്റെ നട്ടെല്ലായി കാത്തു സൂക്ഷിക്കേണ്ട കര്‍ഷകരുടെ കടങ്ങളോട് പുറംതിരിഞ്ഞു നില്ക്കരുതെന്നു ഡീന്‍ ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
കൂടാതെ കേരളത്തിലെ എം പി മാരുടെ കൂട്ടായ്മയുണ്ടാക്കി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന് പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഡീന്‍ കത്ത് നല്കി.
എം പിമാരായ കൊടിക്കുന്നില്‍ സുരേഷ് ,ആന്റോ ആന്റണി ,ബെന്നി ബെഹന്നാന്, കെ മുരളീധരന് ,അടൂര്‍ പ്രകാശ് ,എന്‍ കെ പ്രേമചന്ദ്രന് ,പി കെ കുഞ്ഞാലിക്കുട്ടി ,തോമസ് ചാഴികാടന് ,ഹൈബി ഈഡന് ,ശശി തരൂര്‍ ,രാജ്മോഹന്‍ ഉണ്ണിത്താന് ,രമ്യഹരിദാസ് ,വി കെ ശ്രീകണ്ഠന് ,ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും കത്തില്‍ ഒപ്പിട്ടിരുന്നു.
