ഡിസ്‌കൗണ്ട് ഓഫറുമായി കേന്ദ്രമന്ത്രി

മലപ്പുറം: ഒരു എം.എല്‍.എക്ക് ഒരു കേന്ദ്രമന്ത്രി ഫ്രീ. കൂടുതല്‍ എം.എല്‍.എമാരെ കിട്ടിയാല്‍ കൂടുതല്‍ മന്ത്രിമാര്‍.കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന ഓഫറുമായി കേന്ദ്രമന്ത്രി മലപ്പുറത്തെത്തിയത്. ഇന്നലെ മലപ്പുറത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ കേന്ദ്രമന്ത്രി രാജീവ് പ്രദീപ് റൂഡിയാണ് കേരളത്തില്‍ നിന്ന് ഇത്തവണയുണ്ടാകുന്ന ഓരോ ബി.ജെ.പി. എം.എല്‍.എമാര്‍ക്കും പകരമായി ഓരോ കേന്ദ്രമന്ത്രിമാരെ കേരളത്തിന് നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. കേരള നിയമസഭയില്‍ ബി.ജെ.പി ഭൂരിപക്ഷം നേടുകയാണെങ്കില്‍ കേന്ദ്രത്തിലെ സുപ്രധാന വകുപ്പുകള്‍ കേരളത്തിന് നല്‍കുമെന്നുവരെ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ഒരു എം.പി.പോലുമില്ലാത്ത ബി.ജെ.പിക്ക് എങ്ങിനെ ഇത്രയേറെ മന്ത്രിമാരെ നല്‍കാനാകുമെന്ന് അദ്ദേഹത്തോട് പക്ഷെ പാര്‍ട്ടിക്കാരാരും ചോദിച്ചില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിനെ തോല്‍പ്പിച്ച് ദേശീയ ശ്രദ്ധനേടിയ റൂഡി കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം എത്തിയത്. കേരളത്തില്‍ ഇരുമുന്നണികള്‍ക്കും ബദലായി എന്‍.ഡി.എ മുന്നണിയുണ്ടെന്നും ഒരു തവണ കേരളത്തിലെ ജനങ്ങള്‍ക്ക് ഇവരെയും പരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റ് പാര്‍ട്ടികളെല്ലാം കുടുംബവാഴ്ച നടക്കുമ്പോള്‍ ബി.ജെ.പി മാത്രമാണ് സാധാരണക്കാര്‍ക്ക് അംഗീകാരം നല്‍കുന്ന പാര്‍ട്ടി. റെയില്‍വെ സ്റ്റേഷനില്‍ ചായവിറ്റിരുന്ന ഒരാളുടെ മകന്‍ ഇന്ത്യ പ്രധാനമന്ത്രിയായത് ബി.ജെ.പിയുടെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇത്തവണ ബി.ജെ.പി മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *