പ്രളയത്തിന്റെ ദുരിതം സമ്മാനിച്ച കവളപ്പാറ ദുരന്തം കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം

മലപ്പുറത്തിന് പ്രളയത്തിന്റെ ദുരിതം സമ്മാനിച്ച കവളപ്പാറ ദുരന്തം കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മാസം എട്ടിനാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായത്. ദിവസങ്ങളോളം നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് കവളപ്പാറയിലെയും സമീപത്തെ പാതാറിലെയും മലകള്‍ ഇടിഞ്ഞിറങ്ങുകയും മലയോരത്തെ വീടുകള്‍ മണ്ണിനടിയിലാകുകയായിരുന്നു.
ദുരന്തത്തില്‍ 59 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 48 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദിവസങ്ങള്‍ നീണ്ടു നിന്ന തിരച്ചിലിലും 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. ഒടുവില്‍ മരിച്ചവരുടെ ബന്ധുക്കളുടെ അനുമതിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
ഉരുള്‍പൊട്ടലില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. വീടുകളെല്ലാം പൂര്‍ണമായും മണ്ണിനടിയിലായി. കവളപ്പാറയില്‍ വീടുകളില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. അതിനാല്‍ ഈ മേഖലയില്‍ ആളപായം കൂടുതയായിരുന്നു. പാതാറില്‍ അപകടസാധ്യത മുന്നില്‍ കണ്ട് വീട്ടുകാര്‍ ഒഴിഞ്ഞു പോയിരുന്നു. ഇവിടെ ആളപായമുണ്ടായില്ല. എന്നാല്‍ വീടുകളെല്ലാം പാടെ തകര്‍ന്നു.
വീടു നഷ്ടപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. സ്വന്തം കിടപ്പാടങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ അടുത്തകാലത്തൊന്നും അവര്‍ക്ക് കഴിയില്ല. മണ്ണിനടിയില്‍ മൂടിപ്പോയ ജീവിത സ്വപ്‌നങ്ങളുമായി അവര്‍ മരവിച്ച മനസ്സുമായി ക്യാമ്പുകളില്‍ ജീവിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *