വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള സാങ്കേതിക പരിമിതികളെല്ലാം പരിഹരിച്ചിട്ടും പുതിയ ആഭ്യന്തര സര്‍വീസുകള്‍ അനുവദിക്കാതെ കരിപ്പൂരിനെ അവഗണിക്കുന്നു. സ്വകാര്യപങ്കാളിത്തമുളള വിമാനത്താവളങ്ങള്‍ക്കു വേണ്ടി കരിപ്പൂരിനെ തഴയുന്നുവെന്നാണ് ആക്ഷേപം.
ഏതു പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളെ പറന്നിറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍റിങ് സംവിധാനം കരിപ്പൂരിന്റെ റണ്‍വേയില്‍ സജ്ജമാണ്. വിവിധ കമ്ബനികളുടെ വലിയ വിമാനങ്ങള്‍ നിലവില്‍ കരിപ്പൂര്‍ വഴി സര്‍വീസ് നടത്തുന്നുണ്ട്. കമ്ബനികള്‍ക്ക് ലാഭം ലഭിക്കുന്ന വിമാനത്താവളമായിട്ടും പുതിയ സര്‍വീസുകള്‍ അനുവദിക്കുന്നതിലാണ് കരിപ്പൂരിനെ തഴയുന്നത്. മുന്‍പുണ്ടായിരുന്ന പല ആഭ്യന്തര സര്‍വീസുകളും നിര്‍ത്തലാക്കി.
പുതിയ ശീതകാല ഷെഡ്യൂള്‍ പുറത്തിറങ്ങിയപ്പോഴും കരിപ്പൂരിനെ തഴഞ്ഞുവെന്ന് വ്യക്തമായി. സംസ്ഥാനത്തെ സ്വകാര്യപങ്കാളിത്തമുളള മറ്റു വിമാനത്താവളങ്ങളെ ലാഭത്തിലാക്കാന്‍ വേണ്ടിയാണ് കരിപ്പൂരിനെ അവഗണിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
