കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിച്ച നിരക്കിലായിരിക്കും സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുക. 10 മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് വില കൂടിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന് ഇനി മുതല്‍ 130 രൂപ നല്‍കേണ്ടി വരും. ജി.എസ്.ടിയും ക്ഷേമനിധി തുകയും വിനോദ നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടുകൂടിയാണ് ടിക്കറ്റ് ചാര്‍ജ് കൂട്ടാന്‍ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയതിനെതിരെ സിനിമാ തീയറ്റര്‍ ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള നടപടികള്‍ നീണ്ടു പോയതിനാലാണ് ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതി വിധി സര്‍ക്കാരിന് അനുകൂലമാണെങ്കില്‍ തീയറ്റര്‍ ഉടമകള്‍ മുന്‍കാല പ്രാബല്യത്തോടെ വിനോദ നികുതി നല്‍കണം.
കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നടപ്പായപ്പോള്‍ 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളില്‍ 28% എന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവ് വരുത്തിയിരുന്നു.ഇത് യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് .കേരളത്തില്‍ സാധാരണ ടിക്കറ്റിന് 95 രൂപയാണ് വില. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്തതോടെയാണ് ഇത് 100 രൂപയായി മാറിയത്. ഇതിനൊപ്പം 12 % ജി.എസ്.ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലേക്കും എത്തി. തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അടിസ്ഥാനവിലയില്‍ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേലെ 5% ജി.എസ്.ടിയും ചേര്‍ത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 95ല്‍ നിന്നു 106 രൂപയായി ഉയര്‍ന്നു. ജി.എസ്.ടി ഫലത്തില്‍ 18 % ആയി. ഇതോടെയാണ് സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി ഉയര്‍ന്നത്.
