പത്തനംതിട്ട: ശബരിമല തീര്‍ഥാടകരെ പമ്ബയിലെത്തിക്കാന് കെ.എസ്.ആര്.ടി.സി നിലക്കലില്‍നിന്ന് നടത്തുന്ന ചെയിന്‍ സര്‍വിസിന് വൃശ്ചികം ഒന്നിനു മാത്രം ലഭിച്ച വരുമാനം 34 ലക്ഷം രൂപ. പ്രശ്നങ്ങള്‍ ഒഴിഞ്ഞ ശബരിമലയില്‍ നടവരവിനൊപ്പം കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തിലും വലിയ വര്‍ധന ഉണ്ടാകുമെന്നാണ് സൂചന.
നിലക്കല്‍-പമ്ബ ചെയിന്‍ സര്‍വിസിന് 100 ബസുകളുണ്ട്. എ.സി ബസില്‍ ടിക്കറ്റ് നിരക്ക് 75 രൂപയും നോണ്‍ എ.സിക്ക് 40 രൂപയുമാണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് നിലക്കലില്വരെ മാത്രമേ പ്രവേശനമുള്ളൂ. നിലക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനുശേഷം തീര്‍ഥാടകര്‍ കെ.എസ്.ആര്.ടി.സി ചെയിന്‍ സര്‍വിസാണ് ഉപയോഗിക്കുക.
ഇത്തവണ ചെയിന്‍ സര്‍വിസിന് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമില്ല. തുടക്കത്തില്‍ ടിക്കറ്റ് കൗണ്ടറില്‍നിന്ന് നല്‍കിയാണ് യാത്രക്കാരെ കയറ്റിയിരുന്നത്. ഇതിനായി ഏറെ നേരം ബസ് പിടിച്ചിടേണ്ടി വരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് കണ്ടക്ടര്‍മാരെ നിയോഗിച്ച് ബസുകളില്‍ തന്നെ ടിക്കറ്റ് നല്‍കുകയാണ്.
പ്രതിസന്ധി േനരിടുന്ന കെ.എസ്.ആര്.ടി.സിക്ക് പിടിച്ചുനില്ക്കാന് ശബരിമല സര്‍വിസ് പരമാവധി പ്രയോജനപ്പെടുത്തുന്നു. പ്രശ്നങ്ങള്‍ ഒഴിഞ്ഞിട്ടും പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടാത്തതിനു പിന്നില്‍ ഇതാണ് കാരണമെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തില്‍ ഹൈകോടതി സര്‍ക്കാറിെന്റ നിലപാട് ചോദിച്ചിട്ടുണ്ട്.
അതിനിടെ, പമ്ബക്ക് ഏറ്റവും കൂടുതല്‍ കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തുന്ന ചെങ്ങന്നൂരില്‍നിന്നും പത്തനംതിട്ടയില്‍നിന്നുമുള്ള ബസുകളെ പല വിഭാഗങ്ങളാക്കി തിരിച്ച് യാത്രക്കാരോട് വ്യത്യസ്ത ചാര്‍ജ് ഈടാക്കുന്നതായി പരാതിയുണ്ട്.പത്തനംതിട്ടയില്‍നിന്ന് പമ്ബക്ക് 73 രൂപയാണ് നിരക്ക്. എന്നാല്‍ എക്സ്പ്രസ് ബസ് എന്ന പേരില്‍ ചില ബസുകളില്‍ 130 രൂപവരെ വാങ്ങുന്നു.
