ഓറഞ്ച് വില്‍പ്പനയുടെ മറവില്‍ കഞ്ചാവും വിദേശ മദ്യവും വിലപ്ന നടത്തിയ ആള്‍ പിടിയില്‍

മഞ്ചേരി: ഓറഞ്ച് വില്‍പ്പനയുടെ മറവില്‍ കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. നെല്ലിക്കുത്ത് മില്ലുംപടിയില്‍ കോട്ടക്കുത്ത് അബ്ദുല്‍ സലാമാണ് (48) പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും സലാമിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവും 108 കുപ്പി വിദേശ നിര്‍മ്മിത മദ്യവും കണ്ടെടുത്തു.

എക്‌സൈസ് ഇന്‍റലിജലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അധികൃതര്‍ വീട്ടില്‍ പരിശോധന നടത്തിയത്. എക്സൈസ് സംഘം വീട്ടിലെത്തുമ്ബോള്‍ ഇയാള്‍ ചില്ലറ വില്പനക്കായുള്ള കഞ്ചാവ് പൊതികള്‍ തയാറാക്കുന്ന തിരക്കിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കേരളത്തില്‍ വില്പന നിരോധിച്ച മാഹി മദ്യത്തിന്‍റെ വന്‍ ശേഖരം കണ്ടെത്തി. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസും, പൊതിയാനുള്ള പോളിത്തീന്‍ കവറും കണ്ടെത്തിയിട്ടുണ്ട്.

ഗുഡ്സ് ഓട്ടോയിലാണ് സലാം ഓറഞ്ച് കച്ചവടം ചെയ്യുന്നത്. അതിന്‍റെ മറവിലാണ് കഞ്ചാവും മദ്യവും വില്‍പ്പന നടത്തിയിരുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യവെ ഉണ്ടായിരുന്ന ബന്ധങ്ങളാണ് മാഹി മദ്യ വില്പന നടത്താന്‍ ഇയാള്‍ക്ക് തുണയായതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഏറെ നാളത്തെ നിരീക്ഷണത്തിലൂടെയാണ് ഇയാളുടെ വില്‍പ്പന രീതികള്‍ എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *