വര്‍ഗീയവികാരം ആളിക്കത്തിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നു, വര്‍ഗീയ മുതലെടുപ്പ് അംഗീകരിക്കാനാകില്ല: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ച് കോടി രൂപ സംഭാവന നല്‍കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സംഭാവന നല്‍കിയ വിഷയം ഉപയോഗിച്ച്‌ വര്‍ഗീയ വികാരം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി കാണുന്നുണ്ടെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ഒരു പൊതുകാര്യത്തിന് സംഭാവന നല്‍കുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍. ഇത്തരമൊരു ഘട്ടത്തില്‍ വര്‍​ഗീയമായി മുതലെടുക്കാന്‍ നോക്കുന്നത് ഒരു തരത്തിലും അം​ഗീകരിക്കാന്‍ കഴിയുന്നതല്ല. അത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. നമ്മുടെ പൊതുസമൂഹം അത്തരം ആളുകളെ കൃത്യമായി മനസ്സിലാക്കുക തന്നെ ചെയ്യും.’ മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയതിനെതിരെ ബി.ജെപി.യുടെ കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ സംഭാവന നല്‍കിയതിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ നിലവില്‍ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയതിന്റെ സാധുത കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കും എന്നും ഹൈക്കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *