ജനങ്ങളെ കബളിപ്പിക്കാനുള്ള മുതലക്കണ്ണീരാണ് കടകംപള്ളിയുടേത് ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്കും അനീതിക്കും ആയിരം വട്ടം ഗംഗയില്‍ കുളിച്ചാലും കടകംപള്ളി സുരേന്ദ്രന് മാപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കടകംപള്ളിയുടെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് കടകംപള്ളി മുമ്ബ് പറഞ്ഞിരുന്നത്. ഇപ്പോള്‍ നെഞ്ചത്തടിച്ച്‌ നിലവിളിക്കുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രഹ്ന ഫാത്തിമയെയും മനീതി സംഘത്തെയും പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന്‍റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കണം. വിശ്വാസികളെ വഞ്ചിച്ച്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മാറ്റി നല്‍കാന്‍ തയാറാകണം. കടകംപള്ളിക്ക് ഒരു നിമിഷം വിചാരിച്ചാല്‍ സാധിക്കുന്നതാണിതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കടകംപള്ളി ദേവസ്വം മന്ത്രിയായതിന് ശേഷമാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിക ഗൂഢാലോചന നടന്നത്. ശബരിമലയ്ക്ക് പുറമെ ഗുരുവായൂര്‍ ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രവും തകര്‍ക്കാനാണ് ശ്രമിച്ചത്. ജനങ്ങളെ കബളിപ്പിക്കാനാണ് കടകംപള്ളിയുടെ ശ്രമമെന്നും പൊതുസമൂഹം വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *