മലപ്പുറം: മലപ്പുറത്ത് ഇടക്കിടെ ഉപതിരഞ്ഞെടുപ്പ് നടത്തി മുസ്‌ലിം ലീഗ് ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സി പി എം സ്ഥാനാര്‍ഥി വി പി സാനു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഒരു സ്ഥാനാര്‍ഥി അഞ്ച് വര്‍ഷത്തിനിടെ നാല് തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചിലപ്പോള്‍ ചരിത്രത്തില്‍ ചുരുക്കം ചില സംഭവങ്ങളിലൊന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായിട്ടാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് പ്രചരണ വേളയില്‍ ആളുകളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. കേന്ദ്രത്തില്‍ ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കാനോ, പ്രധാന ബില്ലുകളില്‍ വേണ്ട അഭിപ്രായം പറയാനോ തയ്യാറാകാതെ തല്‍സ്ഥാനം രാജിവെച്ചാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. താന്‍ വിജയിച്ചാല്‍ കാലാവധി തീരുന്നത് വരെ ഇനി ഉപതിരഞ്ഞെടുപ്പ് മണ്ഡലത്തില്‍ നടക്കില്ലെന്ന് സാനു ഉറപ്പ് നല്‍കി. മതനിരപേക്ഷത ഉയര്‍ത്തിപ്പിടുച്ചു മുന്നോട്ടു പോകുന്നതില്‍ ഇടതുപക്ഷം ഏറെ മുന്‍പന്തിയിലാണ്. മതനിരപേക്ഷതയില്‍ ഊന്നി മുന്നോട്ടുപോവുന്ന എല്‍.ഡി.എഫിനു അനുകൂലമായിരിക്കും ഇത്തവണ ജനഹിതം. സി.എ.എ, ഏകസിവില്‍കോഡ് തുടങ്ങി ബഹുസ്വരതക്കെതിരായി കേന്ദ്ര സര്‍ക്കാര്‍ നിലപാടു സ്വീകരിച്ച ഘട്ടങ്ങളിലെല്ലാം പ്രതിഷേധ രംഗത്ത് ശക്തമായി നില കൊണ്ടത് ഇടതുപക്ഷമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആര്‍ജവമുള്ള വാക്കുകള്‍ അക്കാലയളവില്‍ കേരളം കണ്ടതാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാറിന്റെ ഇത്തരം നയങ്ങളോടു അനുകൂലമായ നിലപാടാണ് യു.ഡി.എഫ് കൈകൊണ്ടത്. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം എല്ലാവരും തിരിച്ചറിഞ്ഞു. കര്‍ഷക നിയമം കോണ്‍ഗ്രസ് കൊണ്ടുവന്ന ആശയമാണെന്നും അതു നടപ്പിലാക്കുകമാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തതെന്നും നരേന്ദ്രമോദി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിനു പ്രതികരിക്കാന്‍ പോലും സാധിച്ചില്ല. പുതിയ കാലം പുതിയ നിര്‍മാണം എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് കേരളത്തില്‍ മികച്ച നേട്ടങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എല്‍.ഡി.എഫ് ഗവണ്‍മെന്റ് കൊണ്ടുവന്നത്.തൊഴില്‍ മേഖലയിലും ആരോഗ്യരംഗത്തും,പൊതുഗതാഗത മേഖലയിലും വലിയകുതിപ്പാണ് കേരളം കൈവരിച്ചത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ജില്ലയില്‍ 16 നിയോജക മണ്ഡലങ്ങളും എല്‍.ഡി.എഫ് നേടുമെന്നാണ് പ്രതികഷയെന്നും അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ് പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക്ക്, സെക്രട്ടറി കെ.പി റിയാസ് തുടങ്ങിയവരും സംബന്ധിച്ചു.
