സാക്ഷരതാ മിഷനില്‍ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ

കേരള സാക്ഷരതാ മിഷന്‍ അതോറിറ്റിയിലെ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ജില്ലാ പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍, അസി. പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍, ഓഫിസ് അസിസ്റ്റന്റ്, ഡ്രൈവര്‍, ക്ലറിക്കല്‍ അസിസ്റ്റന്‍റ്, പ്യൂണ്‍ തുടങ്ങിയ തസ്തികകളിലേക്കു 10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഫെബ്രുവരി 15ലെ ഉത്തരവാണു ഹൈക്കോടതി സ്റ്റേ ചെയ്തത്.


സര്‍ക്കാര്‍ ഉത്തരവു നിയമവിരുദ്ധവും ഏകപക്ഷീയവും സുപ്രീം കോടതിയുടെ ഒട്ടേറെ വിധികള്‍ പ്രകാരമുള്ള തത്വങ്ങള്‍ക്കു വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി അങ്കമാലി സ്വദേശി എന്‍.ആര്‍. സൗമ്യ, മലപ്പുറം സ്വദേശികളായ എം. അബ്ദുല്‍ വാഹിദ്, പി.വി. ജാസര്‍, കെ.അജ്മല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവിട്ടത്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി പ്രഥമദൃഷ്ട്യാ ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നു കോടതി അഭിപ്രായപ്പെട്ടു. സ്ഥിരനിയമനം ലഭിച്ച 74 പേരെയും ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി പിന്നീട് വീണ്ടും പരിഗണിക്കും.

അതിനിടെ, സാക്ഷരതാ മിഷനിലെ ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ എന്നിങ്ങനെ സാങ്കല്‍പിക തസ്തികകളില്‍ പ്രവര്‍ത്തിച്ചു വരുന്നവരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത് തസ്തിക നിര്‍ണയം നടത്താതെയാണെന്നും ആക്ഷേപമുണ്ട്.

10 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന മാനദണ്ഡം അനുസരിച്ചു 13 ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍മാര്‍, 17 അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിങ്ങനെ 30 സാങ്കല്‍പിക തസ്തികകളില്‍ പ്രവര്‍ത്തിച്ചു വരുന്നവരെയാണ് തസ്തിക നിര്‍ണയം നടത്താതെ സ്ഥിരപ്പെടുത്തിയത്.

ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്‌കെയിലും അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്‌കെയിലും അനുവദിച്ചാണ് സ്ഥിരപ്പെടുത്തിയത്. സാക്ഷരതാ മിഷനില്‍ ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ ആണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലകളിലെ സാമ്ബത്തികവും ഭരണ പരവുമായ പൂര്‍ണ ചുമതല ഇവര്‍ക്കാണ്. ഇതിനു പകരമാണ് ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍, അസി. കോഓര്‍ഡിനേറ്റര്‍ എന്നിങ്ങനെ സാങ്കല്‍പിക തസ്തികകള്‍ സൃഷ്ടിച്ചു 30 പേരെ സ്ഥിരപ്പെടുത്തിയത്.

സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പഞ്ചായത്ത് തല കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത് പ്രേരകുമാരാണ്. ബ്ലോക്ക് തല കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത് നോഡല്‍ പ്രേരകുമാരും. അപ്പോള്‍ ജില്ലാ തല ഏകോപനം നടത്തുന്ന ജീവനക്കാരുടെ തസ്തിക വരേണ്ടിയിരുന്നത് ജില്ലാ പ്രേരക്, ജില്ലാ അസി. പ്രേരക് എന്നിങ്ങനെയായിരുന്നു. പകരം അധിക വേതനം നല്‍കാന്‍ ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍, അസി. കോര്‍ഡിനേറ്റര്‍ എന്നിങ്ങനെ സാങ്കല്‍പിക തസ്തികകള്‍ സൃഷ്ടിച്ചു.

പ്രേരക്മാര്‍ക്ക് 12000, നോഡല്‍ പ്രേരക്മാര്‍ക്ക് 15000 എന്നിങ്ങനെയാണ് നിലവില്‍ നല്‍കി വരുന്ന വേതനം. കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റു സര്‍വീസ് ചട്ടം ബാധകം അല്ലാത്ത സ്ഥാപനത്തില്‍ അതാത് കാലത്തെ രാഷ്ട്രീയ നേതൃത്വം ഇഷ്ടമുള്ള തസ്തികള്‍ സൃഷ്ടിക്കാറുണ്ട്. ഒരു പ്രൊജക്‌ട് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ സ്ഥിരം സ്വഭാവവും സ്ഥാപനത്തിന് ഇല്ല. പത്തു വര്‍ഷം പൂര്‍ത്തിയാക്കി എന്ന പേരില്‍ മൊത്തം 74 താത്കാലിക ജീവനക്കാരെയാണ് 2021 ഫെബ്രുവരി 15ന് സ്ഥിരപ്പെടുത്തിയത്.

സാങ്കല്‍പിക തസ്തികയില്‍ പ്രവര്‍ത്തിക്കുന്നവരെ ഹൈസ്‌കൂള്‍ അധ്യാപകരുടെ സ്‌കെയില്‍ അനുവദിച്ചു സ്ഥിരപ്പെടുത്തിയതിലൂടെ സാക്ഷരതാ മിഷനിലെ 10 കോടിയുടെ വേതനത്തട്ടിപ്പിന്റെ വ്യക്തമായ ചിത്രവും പുറത്തായിട്ടുണ്ട്.

അധ്യാപനത്തിന്റെ ഒരു തലത്തിലും പ്രവര്‍ത്തിക്കാത്ത 14 ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍മാര്‍ 36 അസി. പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിങ്ങനെ 50 പേര്‍ക്ക് 2016 സെപ്റ്റംബര്‍ മുതല്‍ യഥാക്രമം സീനിയര്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചറുടെ കാറ്റഗറി 11, ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചറുടെ കാറ്റഗറി 10 എന്നിങ്ങനെ ഉള്‍പ്പെടുത്തി ഉയര്‍ന്ന വേതനം അനുവദിച്ചില്‍ ഗുരുതര ചട്ടലംഘനമുണ്ടെന്നും പരാതിയുണ്ട്.

സ്ഥിരപ്പെടലിനു മുന്‍പു വരെ ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ വേതനമായ 43,155, അസി. കോര്‍ഡിനേറ്റര്‍മാര്‍ക്ക് ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ വേതനമായ 35,300 എന്നിങ്ങനെയാണ് നല്‍കി വന്നത്. 2016 ഓഗസ്റ്റ് വരെ ജില്ലാ പ്രൊജക്‌ട് കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് 14,000 അസി. കോര്‍ഡിനേറ്റര്‍മാര്‍ക്ക് 11,900 എന്നിങ്ങനെയായിരുന്നു വേതനം നല്‍കിയിരുന്നത്.

സെപ്റ്റംബര്‍ മുതല്‍ ആണ് 14 ജില്ലാ പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍മാര്‍, 36 അസി. കോര്‍ഡിനേറ്റര്‍മാര്‍ എന്നിങ്ങനെ 50 പേര്‍ക്ക് അധിക വേതനം അനുവദിച്ചത്. ജീവനക്കാര്‍ക്ക് അധികമായി അനുവദിക്കുന്ന വേതനത്തിന്റെ ബാധ്യത മേല്‍ ഉദ്യോഗസ്ഥരുടെതാണെന്ന് 2016 ഫെബ്രുവരി മാസത്തില്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *