മാദ്ധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള പരാതികള്‍ അവസാനിപ്പിക്കൂ; സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ തടയണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ആര്‍ട്ടിക്കിള്‍ 19 ജനങ്ങള്‍ക്ക് മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിനുള്‌ള അവകാശം നല്‍കുന്നത്, ഈ അവകാശം മാദ്ധ്യമങ്ങള്‍ക്കും നല്‍കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ജുഡീഷ്യറിക്ക് ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം കഠിനമാണെന്നും, ജുഡീഷ്യല്‍ സംയമനം ആവശ്യമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.’ഭരണഘടനാ ധാര്‍മ്മികതയ്ക്ക് ജുഡീഷ്യല്‍ ഭാഷ പ്രധാനമാണ്. ജുഡീഷ്യല്‍ അവലോകനത്തിന്റെ ശക്തി വളരെ ഉയര്‍ന്നതാണ്, അത് ഒരു അടിസ്ഥാന ഘടന സൃഷ്ടിക്കുന്നു,’ സുപ്രീം കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രമാണ് ഉത്തരവാദിയെന്നും, അവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഏപ്രില്‍ 26ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പരാമര്‍ശങ്ങള്‍ കമ്മീഷനെ മോശമാക്കുന്നതാണെന്നും നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ തടയണമെന്നും കാണിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍ ഹര്‍ജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *