ഫ്രിഡ്ജില്‍ നിന്നും അനുവാദമില്ലാതെ പഴങ്ങള്‍ എടുത്തുവെന്നാരോപിച്ച് വീട്ടില്‍ ജോലിക്കുനിന്ന കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തി വീട്ടുകാര്‍.
പാക്കിസ്താനിലെ ലാഹോറിലാണ് സംഭവം നടന്നത്. പത്തുവയസുകാരനായ കമ്രാനാണ് മരിച്ചത്. കുട്ടിയുടെ ആറ് വയസുള്ള അനിയന് റിസ്വാനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുട്ടികള്‍ അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്ന് പഴങ്ങള്‍ കഴിച്ചെന്ന് ആരോപിച്ച് നസറുള്ള എന്നയാളും ഭാര്യയും രണ്ട് മക്കളും അവരുടെ ഭാര്യമാരും ചേര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കുട്ടികള്‍ തളര്‍ന്നുവീഴുന്നത് വരെ ഇവരെ കെട്ടിയിട്ട് തല്ലുകയും കത്തി കൊണ്ട് രണ്ടുപേരുടേയും ശരീരത്തില്‍ പോറലേല്പ്പിക്കുകയുമായിരുന്നു.
പിന്നീട് കുട്ടികള്‍ രണ്ടുപേരും മര്‍ദനമേറ്റ് അനക്കമില്ലാതെ കിടന്നപ്പോള്‍ വീട്ടുകാര്‍ തന്നെ ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ കമ്രാന്‍ മരണത്തിന് കീഴടങ്ങി. ആറ് പേര്‍ക്കെതിരെയും പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
