പുല്പള്ളി: പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ ചേപ്പിലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തം.
നാട്ടുകാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫിസില്‍നിന്ന് വനം വകുപ്പ് റേഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വെള്ളിയാഴ്ച പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാറിന്റെ അധ്യക്ഷതയില്‍ പ്രദേശവാസികളെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു.
വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം തിരച്ചിലിനിടെ കടുവയെ കണ്ടെത്തിയെങ്കിലും തിരികെ തോട്ടത്തിലേക്കുതന്നെ കയറി പോയി. തുടര്‍ന്നാണ് വെള്ളിയാഴ്ച വിവിധ സംഘങ്ങളായി തിരിഞ്ഞ് ഏരിയപ്പള്ളി കുന്നില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. കടുവയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന് പുല്പള്ളി മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ അനാസ്ഥയാല്‍ നാട് ഭീതിയിലാണ്. കുട്ടികളെ സ്കൂളില്‍ വിടാനോ കര്‍ഷകര്‍ക്ക് പാല് കൊണ്ടുകൊടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ്. കടുവയെ തുരത്തുന്നതിന് പകരം കൂടു വച്ച് പിടികൂടുണം.
പ്രസിഡന്റ് മാത്യു മത്തായി ആതിര, സെക്രട്ടറി കെ.എസ്. അജിമോന്, ട്രഷറര്‍ കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു. കടുവയെ പിടികൂടുന്നതിന് നടപടിയെടുക്കാത്തതില്‍ എസ്.എന്‍.ഡി.പി പുല്പള്ളി യൂനിയന്‍ പ്രതിഷേധിച്ചു. വിജയന് കുടിലില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. വാമദേവന്, കെ.ഡി. ഷാജിദാസ്, കൃഷ്ണന് കുട്ടി, കരുണാകരന്, സന്തോഷ്, മണി, രാജന്, പി.കെ. പൊന്നന്, സുന്ദരന്‍, റെജി എന്നിവര്‍ സംസാരിച്ചു.
