ബാങ്കിലെയും എ ടി എമ്മിലെയും വരിക്ക് നീളം കൂടുന്നു

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയും ആവശ്യത്തിന് ബാങ്കുകളില്‍ എത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ ഇന്നും ജനം ദുരിതത്തില്‍. കൈയിലുണ്ടായിരുന്ന 100ന്റെയും മറ്റു ചെറിയ നോട്ടുകള്‍ തീര്‍ന്നതോടെ എ ടി എമ്മിന്റെ മുമ്പിനും ബാങ്കിലുമുള്ള വന്‍ വരിയില്‍ നില്‌ക്കേണ്ട ഗതികേടിലേക്കാണ് ജനമെത്തിയത്. നിത്യ ചെലവിന് പണം കണ്ടെത്താന്‍ ജോലി ഒഴിവാക്കിയാണ് ആളുകള്‍ വരിനില്ക്കുന്നത്. രാജ്യത്തെ പല ബാങ്കുകളും ഇന്നും എ ടി എം കൗണ്ടറുകള്‍ തുറന്നിട്ടില്ല. തുറന്ന കൗണ്ടറുകളില്‍ രാവിലെ തന്നെ പണം തീരുകയും ചെയ്തു. വൃദ്ധരടക്കം പണത്തിനായി വരി നില്ക്കുകയാണ്. എ ടി എമ്മുകളില്‍ പൂര്‍ണമായി പണമെത്തിയിട്ടില്ല. നിലവിലെപ്രതിസന്ധി പരിഹരിക്കാന്‍ രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണ് സൂചന. നിറയ്ക്കുന്ന പണം ചുരുങ്ങിയ സമയം കൊണ്ട് കഴിയുന്നത് വരിനില്ക്കുന്നവരും ബാങ്ക് അധികൃതരും തമ്മിലുള്ള വാക്കേറ്റത്തിനിടയാവുന്നുണ്ട്. പോസ്റ്റോഫിസുകളില്‍ ബാങ്കില്‍ നിന്ന് കൃത്യമായി പണമെത്താത്തതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. എ ടി എമ്മുകളില്‍ നിന്ന് രണ്ടായിരം രൂപമാത്രമാണ് പിന്‍വലിക്കാന്‍ കഴിയുന്നത്. പെട്രോള്‍ ബങ്കുകള്‍, കെ എസ് ആര്‍ ടി സി, വിമാനത്താവളം, സര്‍ക്കാര്‍ ആശുപത്രിയും ഫാര്‍മസിയും എന്നിവിടങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ തിങ്കളാഴ്ച രാത്രി 12 മണി വരെ മാറ്റാം. എസ് ബി ഐയുടെ 1434 എ ടി എമ്മുകളില്‍ 260 എണ്ണത്തോളം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. ഇന്ന് കൂടുതല്‍ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
ബാങ്കുകളില്‍ പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിരക്കും പലയിടത്തും സംഘര്‍ഷത്തിലേക്ക് വരെ നയിച്ചിട്ടുണ്ട്. രണ്ടാം ശനിയാഴ്ചയാണെങ്കിലും നാലുമണി വരെ ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. 2000 രൂപയുടെ ഒന്നരലക്ഷം കോടി നോട്ടുകളാണ് വിവിധ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നത്. 2000 രൂപയുടെ നോട്ടുകള്‍ ചില്ലറയാക്കാനും ജനം കഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *