നിലമ്പൂര്‍: അഭിനയ ജീവിത്തിലേക്കു പടികടന്നെത്തിയ കഥ പറഞ്ഞ് മലയാളത്തിന്റെ അമ്മ നടി കവിയൂര്‍പൊന്നമ്മ നിലമ്പൂര്‍ ബാലന് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വികാരനിര്‍ഭരമാക്കി. എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാന്‍ കൊതിച്ച് ഒടുവില്‍ നടിയായി മാറിയ വഴികളാണ് സരസമായി വിവരിച്ചത്. ദേവരാജന്മാഷുടെ നിര്‍ബന്ധത്തിനു വഴങ്ങി നാടകത്തില്‍ പാട്ടുപാടിയായിരുന്ന കലാരംഗത്തെത്തിയത്. പതിനാലാം വയസില്‍ നാടകത്തില്‍ പാടാനെത്തിയ പൊന്നമ്മയെ മലയാളത്തിന്റെ നാടകാചാര്യന് തോപ്പില്‍ ഭാസി നടിയുമാക്കി. എന്നെ കമ്യൂണിസ്റ്റാക്കി അടക്കമുള്ള നാടകങ്ങള്‍ ഒരുക്കിയ തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം. അഭിനയിക്കാനറിയാതെ കരഞ്ഞുനിന്നപ്പോള്‍ ‘എടീ കൊച്ചേ അഭിനയം അത്രവലിയകാര്യമൊന്നുമല്ല. ഞാന്‍ പറയുന്നപോലെ ചെയ്താല്‍ മതി’ എന്ന തോപ്പിലാശാന്റെ വാക്കുകളാണ് നടിയാക്കിയതെന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞു. മെരിലാന്റിന്റെ ശ്രീരാമ പട്ടാഭിഷേകമെന്ന സിനിമയില്‍ രാവണവേഷം കെട്ടിയ കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യയായ മണ്ഡോദരിയായിട്ടായിരുന്നു ആദ്യത്തെ സിനിമാ അഭിനയം. 20-ാം വയില്‍ തലയില്വെള്ളച്ചായം പൂശി അമ്മവേഷം അഭിനയിച്ചു തുടങ്ങി. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയും അമ്മയായി. ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു.ശാരീരിക വിഷമതകള്‍ അവഗണിച്ചും നിലമ്പൂരിലെത്തിയത് മകന് ആര്യാടന് ഷൗക്കത്ത് വിളിച്ചിട്ടാണെന്നു പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു.
നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായ നിലമ്പൂര്‍ ബാലന് നാടകോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ആധ്യക്ഷം വഹിച്ചു. പാട്ടുത്സവ് ജനറല്‍ കണ്‍വീനര്‍ ആര്യാടന് ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂര്‍ ആയിഷ, നിലമ്പൂര്‍ ബാലന്റെ സഹധര്‍മ്മിണി വിജയലക്ഷ്മി, നിലമ്പൂര്‍ മണി, കൗണ്‍സിലര്‍ ഇ.എസ് മുജീബ്, വ്യാപാരി പ്രതിനിധികളായ എ.കെ ഷൗക്കത്തലി, ഷാജി കെ. തോമസ് പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം കോഴിക്കോട് പൂക്കോട് കലാലയത്തിന്റെ ‘എന്ദരോ മഹാനുഭാവുലു’ നാടകം അവതരിപ്പിച്ചു. ഇന്ന് കോഴിക്കോട് രംഗമിത്രയുടെ ‘ഉച്ചവെയില്‍’ നാടകം അരങ്ങേറും.
