നിലമ്പൂരില്‍ ടൂറിസത്തിന് കോടിയുടെ മോടി

നിലമ്പൂര്‍: ടൂറിസം മേഖലയിലെ വികസനത്തിനായി നിലമ്പൂരിന് കൂടുതല്‍ സര്‍ക്കാര്‍ സഹായം. നിലമ്പൂരിനെ ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുന്ന ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച രണ്ടു കോടി രൂപക്ക് പുറമെയാണിത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമായി നിലമ്പൂരിനെ മാറ്റുന്ന പദ്ധതിക്കായി മന്ത്രി ആര്യാടന്‍ മുഹമ്മദ് ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 85 ലക്ഷം രൂപ കൂടിചേര്‍ത്ത് 1.85 കോടിയുടെ പ്രവൃത്തി ആരംഭിച്ചിരുന്നു. പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തുക ആവശ്യമാകുമെന്ന് കണ്ട് മുന്‍ നഗരസഭാ  ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ടൂറിസം വകുപ്പ് ഒരു കോടി രൂപ കൂടി അനുവദിച്ചത്.
സഞ്ചാരികള്‍ക്ക് നിലമ്പൂരിന്റെ പ്രവേശന കവാടത്തില്‍ തന്നെ 90 സെന്റ് സ്ഥലത്ത് രണ്ടു നിലകളുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററും വിശ്രമ കേന്ദ്രവുമാണ് ഒരുക്കുന്നത്.

ആദിവാസി കലകള്‍ അടക്കമുള്ള നിലമ്പൂരിന്റെ തനതു കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ 500 പേര്‍ക്കിരിക്കാവുന്ന ആംഫി തിയറ്റര്‍,   കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമമുറി, റസ്റ്ററന്റ്, കുട്ടികള്‍ക്ക് കളിക്കാനുള്ള മിനി പാര്‍ക്ക്, നിലമ്പൂരിലെ വനവിഭവങ്ങളും ഉല്‍പന്നങ്ങളും വില്‍ക്കുന്ന കടകള്‍, സുവനീര്‍ ഷോപ്പുകള്‍, നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും   തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും ഡിജിറ്റല്‍  വിവരങ്ങള്‍. അവിടങ്ങളിലേക്കുള്ള വാഹനസൗകര്യം  ഇവിടെ ലഭ്യമാകും.

നിലമ്പൂരിലെ മലനിരകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ട്രക്കിങിന് ആവശ്യമായ ഉപകരണങ്ങളും പ്രകൃതി സൗഹൃദമായി നിലമ്പൂര്‍ കണ്ടറിയാന്‍ സൈക്കിളുകളും നല്‍കും. സഞ്ചാരികള്‍ക്ക് സൈക്കിള്‍ സവാരിക്കായി നിലമ്പൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സൈക്കിള്‍ പോയിന്റുകള്‍ ഉണ്ടാകും. ഒരു സ്ഥലത്തു നിന്നും മറ്റൊരു കേന്ദ്രത്തിലെത്തി അവിടെ സൈക്കിള്‍ തിരിച്ചു നല്‍കാവുന്ന ക്രമീകരണങ്ങളും സജ്ജീകരിക്കും. ഡി.ടി.പി.സിയുടെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ടൂറിസം വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഗേറ്റ് വേ ഓഫ് നിലമ്പൂരിന്റെ ഒന്നാം  ഘട്ടമായി ഒരു കോടി രൂപ ചെലവിട്ട് നിലമ്പൂരിന്റെ പ്രവേശന കവാടത്തില്‍ ടൈലുകള്‍ പാകി മനോഹരമാക്കി നടപ്പാതയും വിശ്രമ സ്ഥലും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ലഘുഭക്ഷണങ്ങള്‍ നല്‍കാന്‍ കുംടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു കഫ്റ്റീരിയയും സജ്ജമാക്കിക്കഴിഞ്ഞു. കോഴിക്കോട് നിലമ്പൂര്‍ ഗൂഢല്ലൂര്‍ റോഡിലൂടെ നിലമ്പൂര്‍ വഴി ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് നിലമ്പൂരിന്റെ പ്രവേശന കവാടം വിശ്രമ കേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോള്‍. നേരത്തെ നിലമ്പൂരിലെ മാലിന്യകൂമ്പാരമായ വടപുറം പാലത്തിനോടുള്ള പ്രവേശന കവാടമാണിപ്പോള്‍ മനോഹരമായ വിശ്രമകേന്ദ്രമായത്.

Leave a Reply

Your email address will not be published. Required fields are marked *