മലപ്പുറം: ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി ജനുവരി 12 ന് മലപ്പുറത്ത് നടക്കുന്ന മതമൈത്രി സമ്മേളനത്തില്‍ പങ്കെടുക്കും. പാണക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ മാനവമൈത്രിയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന വാര്‍ഷിക മതമൈത്രി സമ്മേളനത്തിനാണ് ഉപരാഷ്ട്രപതി എത്തുന്നത്. 12 ന് രാവിലെ 10 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
സ്ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്കൂള്‍ ക്യാംപസിന്റെ ശിലാസ്ഥാപനകര്‍മവും ഉപരാഷ്ട്രപതി നിര്‍വഹിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ‘സഹിഷ്ണുതയുടെ രാഷ്ട്രീയം’ വിഷയത്തില്‍ ഡോ. ശശി തരൂര്‍ എം.പി. പ്രഭാഷണം നടത്തും.
ജനുവരി 11 ന് രാത്രി എട്ടിന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലാണ് താമസിക്കുക. 12ന് രാവിലെ 10 ന് മലപ്പുറത്തെത്തും. 11.30 ഓടെ കരിപ്പൂര്‍ വഴി തിരുവനന്തപുരത്തേക്ക് പോകും. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. എ.ഡി.എം. കെ.രാധാകൃഷ്ണന്, തിരൂര്‍ ആര്.ഡി.ഒ. ജെ.ഒ. അരുണ്‍, ഡി.വൈ.എസ്.പി. എ.ഷറഫുദ്ദീന്, എയര്‍പോര്‍ട്ട് ജോയിന്റ് ജനറല്‍ മാനെജര്‍ മുഹമ്മദ് ഷാഹിദ്, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, സ്ട്രൈറ്റ്പാത്ത് സി.ഇ.ഒ. ഹാരിസ് മടപ്പള്ളി, ദാവൂദ് ചാക്കീരി തുടങ്ങിയവര്‍ പങ്കെടുത്തു.
