കേരള-ലൈവ് ബ്യൂറോ
കൊച്ചി: അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി നഗരത്തില്‍ നിരോധിക്കപ്പെട്ട വാഹനങ്ങളുടെ വില്‍പ്പന കേരളത്തില്‍ സജീവമാകുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന വാഹനങ്ങളാണ് കേരളത്തില്‍ വില്‍പ്പനക്കായി എത്തുന്നത്. മലപ്പുറം,കോഴിക്കോട്,പാലക്കാട് ജില്ലകളിലാണ് വില്‍പ്പന കൂടിവരുന്നത്. ഈ കച്ചവടത്തില്‍ വലിയ ലാഭമുണ്ടാക്കാമെന്നറിഞ്ഞതോടെ നിരവധി ബ്രോക്കര്‍മാര്‍ ഈ രംഗത്ത് സജീവമായിട്ടുണ്ട്. ഡല്‍ഹിയിലെ ബ്രോക്കര്‍മാര്‍ മുഖേന ദിവസേന ഒട്ടേറെ വാഹനങ്ങള്‍ മലബാര്‍ ജില്ലകളില്‍ എത്തുന്നുണ്ട്.
ഡല്‍ഹി നഗരത്തിലെ അന്തരീക്ഷ മലീനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് 2000 സി.സി.ക്ക് മുകളില്‍ എഞ്ചിന്‍ക്ഷമതയുള്ള വാഹനങ്ങള്‍ക്ക് സുപ്രീംകോടതി നിരോധനം എര്‍പ്പെടുത്തിയത്. ഈ ഗണത്തില്‍ പെട്ട പുതിയ വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനുമാണ് കോടതി നിരോധിച്ചത്. ഇതോടെ പഴയവാഹനങ്ങള്‍ക്കും ഡിമാന്റില്ലാതെയായി. ഉടമകള്‍ അവ കുറഞ്ഞ വിലക്ക് കയ്യൊഴിക്കുന്ന അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്. കോടതി വിധിക്കെതിരെ ടൊയോട്ട,മഹീന്ദ്ര,മെര്‍സിഡസ് തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കള്‍ അപ്പീല്‍ നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല.
ടൊയോട്ടയുടെ ഇന്നോവ മോഡല്‍ വാഹനങ്ങളാണ് കേരളത്തിലേക്ക് ഏറെയും എത്തുന്നത്. കേരളത്തില്‍ നേരത്തെ തന്നെ നല്ല ഡിമാന്റുള്ള വാഹനമാണ് ഇന്നോവ. മോഡലിനനുസരിച്ച് ആറ് ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ രൂപക്കാണ് ഡല്‍ഹി വാഹനങ്ങള്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഒരു ഇടപാടില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ലാഭം കിട്ടുന്നതിനാല്‍ ബ്രോക്കര്‍മാരെല്ലാം ഇപ്പോള്‍ ഡല്‍ഹി വാഹനങ്ങള്‍ക്ക് പുറകെയാണ്.ഡല്‍ഹിയില്‍ നിന്നെത്തിക്കുന്ന വാഹനങ്ങള്‍ ചെറിയ അറ്റകുറ്റപണികള്‍ നടത്തിയാണ് വില്‍പ്പന നടത്തുന്നത്.
