ആര്‍ ബാലകൃഷ്ണപിള്ള എന്‍സിപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇതിനുള്ള നീക്കങ്ങള്‍ അദ്ദേഹം ആരംഭിച്ചതായാണ് വിവരം. അന്തിമതീരുമാനം ജനുവരി പതിനാലിനകം ഉണ്ടാകും. ജനുവരി നാലിന് കണ്ണൂരില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതൃയോഗം ചേരുന്നുണ്ട്. ഇതില്‍ എന്‍സിപിയുമായുള്ള സഹകരണകാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും.

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി പിള്ള ഉടന്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി പിള്ള വാങ്ങിയിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ ടിപി പീതാംബരന്‍, എകെ ശശീന്ദ്രന്‍ എന്നിവരും പങ്കെടുക്കും. മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് പിള്ളയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍, എകെ ശശീന്ദ്രന്‍ എന്നിവരുമായി പിള്ള ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ പാര്‍ട്ടിയുടെ എംഎല്‍എമാരായ എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ എന്‍സിപിക്ക് രണ്ട് എംഎല്‍എമാരുണ്ടെങ്കിലും മന്ത്രിമാരില്ല. എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്ന് ആദ്യം എകെ ശശീന്ദ്രനും അടുത്തിടെ തോമസ് ചാണ്ടിയും രാജിവെച്ചിരുന്നു. ഈ ഒഴിവില്‍ പാര്‍ട്ടിയുടെ ഏക അംഗവും മകനുമായ ഗണേഷ് കുമാര്‍ എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമമാണ് പിള്ളയുടെ നീക്കത്തിന് പിന്നില്‍. ഇത് മുന്നില്‍ക്കണ്ടാണ് ശശീന്ദ്രനും തോമസ് ചാണ്ടിയും എതിര്‍ക്കുന്നത്.

ഫോണ്‍കെണി വിവാദത്തില്‍ ശശീന്ദ്രന് അന്വേഷണക്കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്. ഭൂമികൈയേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെച്ച തോമസ് ചാണ്ടിയുടെ വിഷയത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകും. രാജിയില്‍ കലാശിച്ച ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി നല്‍കിയിരിക്കുന്ന അപ്പീല്‍ സുപ്രിം കോടതി ഉടന്‍ തന്നെ പരിഗണിക്കുന്നുണ്ട്. ഇവരില്‍ ആരാണോ ആദ്യം കുറ്റവിമുക്തനാകുന്നത് അയാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാം എന്നതാണ് തോമസ് ചാണ്ടിയുടെ രാജിസമയത്ത് എല്‍ഡിഎഫ് നല്‍കിയിരിക്കുന്ന ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *