സമുദ്രാന്തര നിരീക്ഷണ സംവിധാനമൊരുക്കി ചൈന

ബീജിംഗ്: അന്തര്‍വാഹിനികള്‍ക്ക് സുരക്ഷ ശക്തമാക്കി സമുദ്രാന്തര നിരീക്ഷണ സംവിധാനവുമായി ചൈന. മാരിടൈം സില്‍ക്ക് പാതയില്‍ ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് സംരക്ഷിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് നിരീക്ഷണ സംവിധാനത്തിന്റെ പ്രവര്‍ത്തനം. സമുദ്രജലത്തിന്റെ താപനില, ലവണത്വം എന്നീ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ നിരീക്ഷണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. മറ്റുകപ്പലുകളുടെ ഗതിനിര്‍ണയവും സ്ഥാന നിര്‍ണയവും എളുപ്പമാക്കാന്‍ ഇതിലൂടെ സാധ്യമാകും.

 

സമുദ്രമേഖലകളില്‍ അമേരിക്കയുടെ അധികാരത്തെ വെല്ലുവിളിക്കുക എന്ന ഉദ്ദേശ്യത്തോടെ ചൈനീസ് അക്കാഡമി ഓഫ് സയന്‍സസിന് (സിഎഎസ്)കീഴില്‍ ആരംഭിച്ച സൗത്ത് ചൈന സീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം നല്കിയത്.

മുങ്ങിക്കപ്പല്‍ യുദ്ധരംഗത്ത് ചൈനയുടെ മുന്നേറ്റമാണിതെന്ന് സിഎഎസിന് കീഴിലുള്ള അറ്റ്‌മോസ്‌ഫെറിക് ഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകനായ യു യോങ്ഗ്യാങ് അഭിപ്രായപ്പെട്ടു.

ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ നാലോളം ഉപകരണങ്ങളുടെ ശൃഖലയാണ് സുരക്ഷയൊരുക്കുന്നതിനായി ഉപയോഗിക്കുക. ദക്ഷിണ ചൈനാ കടല്‍, പശ്ചിമ പസഫിക് സമുദ്രം, ഇന്ത്യന്‍ സമുദ്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുക.

 

 

ദക്ഷിണ ചൈനാ കടലിലെ പാരാസെല്‍ദ്വീപ്, ഗ്വാങ്‌ഡോങ്, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ സ്ഥാപിച്ച മൂന്ന് ഇന്റലിജന്‍സ് സെന്ററുകളിലേക്ക്് ഈ വിവരങ്ങള്‍ തത്സമയം അയയ്ക്കും.

സമുദ്രത്തിലെ താപനിലയും ലവണത്വവും കണക്കാക്കുക മാത്രമല്ല പ്രവചിക്കാനും ഈ നിരീക്ഷണ സംവിധാനത്തിനു കഴിയും. മറ്റ് സമുദ്ര വാഹനങ്ങളെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും സോണാര്‍ സാങ്കേതിക സംവിധാനമാണ് ഇപ്പോള്‍ മുങ്ങിക്കപ്പലുകള്‍ ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *