കേരളയാത്രയെ സ്വീകരിക്കാന്‍ മലപ്പുറം ഒരുങ്ങി

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ട്രഷററും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര  നാളെ  മലപ്പുറം ജില്ലയിലെത്തും. 31, ഫെബ്രവരി 1,2 തീയതികളില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. 31 ന് രാവിലെ 9 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍  മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ യാത്രയെ ജില്ലയിലേക്ക് വരവേല്‍ക്കും.  തുടര്‍ന്ന്  നിയോജക മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ സ്വീകരണ ചടങ്ങ് കൊണ്ടോട്ടിയില്‍ നടക്കും.
സൗഹൃദം സമത്വം സമന്വയം എന്ന സന്ദേശവുമായി 24 ന് കാസര്‍ക്കോട് നിന്നു  പുറപ്പെട്ട് ഫെബ്രവരി 11 ന് തിരുവനന്തപുരത്ത് കേരളയാത്ര സമാപിക്കുകയാണ്.  ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് കേരളം.

kera 02

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പല കാരണങ്ങളാല്‍ അസഹിഷ്ണുതകള്‍ തലപൊക്കിയപ്പോഴും കേരളം  വേറിട്ടു നില്‍ക്കുന്ന സംസ്ഥാനമായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കലഹിക്കുന്നവര്‍ക്കിടയില്‍ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം മറ്റുളളവരില്‍ അസൂയ ഉളവാക്കുന്നതാണ്.  എന്നാല്‍  കേരളത്തിന്റെ മുഖം വികൃതമാക്കുന്ന തരത്തില്‍ ഈയിടെയുണ്ടായ ചിലരുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കേരള ജനതയെ ആശങ്കപ്പെടുത്തുന്നതാണ്.  കേരളത്തിന്റെ സൗഹൃദാന്തരീക്ഷം  നിലനിര്‍ത്തുന്നതില്‍ നാളിതുവരെ വലിയ സംഭാവനയര്‍പ്പിച്ചു വന്നിട്ടുളള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.  അതിനാല്‍ കേരളത്തിന്റെ മഹിതമായ നേട്ടം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയും, പാരമ്പര്യം നിലനിര്‍ത്താന്‍  കേരള സമൂഹത്തിന്റെ പിന്തുണയും തേടിയുമാണ്  പി.കെ കുഞ്ഞാലിക്കുട്ടി കേരള യാത്ര നയിക്കുന്നത്.

നാളെ കൊണ്ടോട്ടി, എടവണ്ണ, നിലമ്പൂരിലെ എടക്കര, വണ്ടൂര്‍, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 7 മണിക്ക് മഞ്ചേരിയില്‍ സമാപിക്കും.  ഫെബ്രുവരി 1 നു രാവിലെ പെരിന്തല്‍മണ്ണയില്‍ നിന്ന് ആരംഭിച്ച് മങ്കടയിലെ രാമപുരം,  മലപ്പുറം, വേങ്ങര, എന്നിവിടങ്ങളില്‍ സ്വീകരണം  ഏറ്റുവാങ്ങി കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറത്ത് സമാപിക്കും . ഫെബ്രുവരി 2 ന് ചേളാരിയില്‍ നിന്ന് തുടങ്ങി പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തവനൂരിലെ  നരിപ്പറമ്പ്   സ്വീകരണങ്ങള്‍ക്ക് ശേഷം പൊന്നാനിയില്‍ സമാപിക്കും.  ജാഥയുടെ പ്രചാരണാര്‍ത്ഥം വൈവിധ്യമാര്‍ന്ന പരിപാടികളാണ്  ഓരോ പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവരുന്നത്.  വാഹന ജാഥകള്‍, പദയാത്രകള്‍, പാട്ടുവണ്ടികള്‍, പ്രചാരണ വാഗണ്‍, ജലയാത്ര, കൂട്ടയോട്ടം, കൂട്ടനടത്തം, വൈറ്റ്കാര്‍ റാലി, ബൈക്ക് റാലി, സൈക്കിള്‍ റാലി, സെമിനാറുകള്‍, ഓപ്പണ്‍ ഫോറം, പ്രമേയ വിശദീകരണ സമ്മേളനങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഓരോ യൂണിറ്റ് മുതല്‍ മണ്ഡലം വരെയുളള കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

kera 03

കൂടാതെ കേരളയാത്രയുടെ സ്മാരകമായി വായനശാലകള്‍, ലൈബ്രറികള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവ സ്ഥാപിക്കും.  പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അധ്യാപക/വിദ്യാര്‍ത്ഥി സംഘടനകളുടെ സഹകരണത്തോടെ വിദ്യാലയങ്ങളില്‍ തെങ്ങിന്‍ തൈകള്‍ നടും.ഓരോ സ്വീകരണ സമ്മേളനവും അവിസ്മരണീയമാക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തീയായികഴിഞ്ഞു.  1000 മുതല്‍ 2000 വരെയുളള തൂവെളള വസ്ത്രധാരികളായ പ്രവര്‍ത്തകര്‍ 500 മീറ്റര്‍  ഇപ്പുറെ നിന്ന്  ജാഥാ നായകനെയും സംസ്ഥാന നേതാക്കളെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും, ഗ്രീന്‍ഗാര്‍ഡ് വളണ്ടിയേഴ്‌സ്, ബാന്റ്, കോല്‍ക്കളി, ദഫ്മുട്ട്, തുടങ്ങിയ വാദ്യമേളങ്ങള്‍ സ്വീകരണത്തിന് കൊഴുപ്പേകും.  ഓരോ സ്വീകരണത്തിലും പതിനായിരത്തില്‍ കുറയാത്ത പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുളള ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞു.   സംസ്ഥാന, ജില്ലാ നേതാക്കളുടെ വാഹനങ്ങള്‍ക്കു പുറമെ മറ്റു വാഹനങ്ങള്‍ യാത്രയെ അനുഗമിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുകയും, യാത്രയുടെ പേരില്‍ പൊതു ജനങ്ങള്‍ക്ക് യാതൊരു തരത്തിലുളള പ്രയാസവും വരാത്ത വിധത്തില്‍ സ്വീകരണ കേന്ദ്രങ്ങള്‍ സജീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *