കാട്ടുപന്നികളുടെ ആക്രമണം തടയാന്‍ നടപടി

മലപ്പുറം: വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. കാര്‍ഷിക വിളകള്‍ മാത്രമല്ല മനുഷ്യരെയും കാട്ടുപന്നികള്‍ അക്രമിച്ച സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ. യോഗത്തില്‍ ചൂണ്ടിക്കാട്ടി. ലൈസന്‍സുള്ള തോക്കുപയോഗിച്ച് ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവെക്കുന്നതിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും ഇതിന് പ്രത്യേക അപേക്ഷ നല്‍കണമെന്നും ഡി.എഫ്.ഒ. അറിയിച്ചു.


സര്‍ക്കാര്‍ ഓഫീസുകളില്‍ പുകയില വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് കൃത്യമായ പരിശോധനകല്‍ നടത്താറുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനിലെ റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപണി നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ പി.ഡബ്ലിയു.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
മൊറയൂര്‍ പി.എച്ച്.സി.- ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ അംഗീകാരത്തിന്റെ ഘട്ടത്തിലാണെന്ന് പി. ഉബൈദുല്ല എം.എല്‍.എ.യെ പി.ഡബ്ലിയു.ഡി. ബില്‍ഡിങ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മഞ്ചേരി ജില്ലാ കോടതി സമുച്ചയം, മഞ്ചേരി വേട്ടേക്കോട് യുപി. സ്‌കൂള്‍ കെട്ടിടം,  എടപ്പറ്റ സ്റ്റേഡിയം രണ്ടാംഘട്ടം നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം. ഉമ്മര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.


വണ്ടൂര്‍ ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് കേരള ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാത്തത് പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി മന്ത്രി എ.പി. അനില്‍ കുമാറിന്റെ പ്രതിനിധി കെ.സി. കുഞ്ഞിമുഹമ്മദ് പറഞ്ഞു. പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിജിന്റെ ചോര്‍ച്ച സംബന്ധിച്ച് പരിശോധന നടത്തുന്നതിന് ഡല്‍ഹി ഐ.ഐ.ടി. ആവശ്യപ്പെട്ട 50 ലക്ഷം രൂപ ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാമെന്ന് ഐ.ഐ.ടി. സമ്മതിച്ചിട്ടുണ്ട്. പൊന്നാനി ഗവ. ആശുപത്രിയില്‍ പുതിയ ഗൈനക്കോളജിസ്റ്റ് നിയമനത്തിന് ഉടന്‍ നടപടി സ്വീകരിക്കും.

പ്രതിരോധ കുത്തിവയ്പ് ശാക്തീകരണത്തിന് വളവന്നൂര്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പദ്ധതികള്‍ പൂര്‍ണ വിജയം കൈവരിച്ചിട്ടില്ലെന്നും കുത്തിവയ്പിനെതിരായ കുപ്രചരണങ്ങള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, അംഗം സലീം കുരുവമ്പലം, നഗരസഭാ അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി, ഗാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ. റസാഖ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ പ്രതിനിധി ഹനീഫ പുതുപറമ്പ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ. പ്രകാശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *