മലപ്പുറം: കേരളത്തില്‍ നടക്കുന്ന ചൂതുകളി രാഷ്ട്രീയം ജനങ്ങള്‍ ഗൗനിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു. കേരളയാത്രക്കിടെ മലപ്പുറം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ നടത്തുന്ന വെളിപ്പെടുത്തലുകളെ പെരുപ്പിച്ച് കാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത് സമൂഹത്തിന് ഗുണകരമല്ല. ഒരു വെളിപ്പെടുത്തലും വിവാദവും മുഖ്യമന്ത്രിയെ ബാധിക്കാന്‍ പോകുന്നില്ലെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
വിവാദങ്ങള്‍ക്കിടയില്‍ സുപ്രധാനമായ പലകാര്യങ്ങളും കേരളം ചര്‍ച്ച ചെയ്യാതെ പോകുകയാണ്.ദേശീയ രാഷ്ട്രീയം പോലും മലയാളിക്ക് ഇന്ന് ചര്‍ച്ചാ വിഷയമല്ല. സരിതക്കും ബുജുരമേശിനുമൊക്കെ ഓരോരോ പ്രശ്നങ്ങളുണ്ട്. ബാറുടമകളുടെ പ്രതീക്ഷകളെ തകര്‍ത്ത നടപടിയാണ് ബാര്‍ലൈസന്‍സുകള്‍ റദ്ദാക്കിയത്. ഇതൊക്കെ അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ പലതും അതിശയോക്തിയാണ് കുഞ്ഞാലികുട്ടി പറഞ്ഞു. സോളാര്‍,ബാര്‍ വിഷയങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ പലതും ശരിയായിരുന്നില്ലെന്നാണ് പിന്നീട് തെളിഞ്ഞത്. ഇക്കാര്യങ്ങളില്‍ ഇടതുപക്ഷത്തിന് പറയാനുള്ളത് അവര്‍ പറയട്ടെയെന്നും ചോദ്യത്തിന് മറുപടിയായി കുഞ്ഞാലികുട്ടി പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ ലീഗിന് ഇഷ്ടമില്ലാത്ത പലതുമുണ്ടായിരിക്കാമെന്നും എന്നാല്‍ വികസനത്തിനു വേണ്ടിയാണ് സംയമനം പാലിക്കുന്നതെന്നും അദ്ദേഹം ചോദ്യത്തിന് മറുുപടിയായി പറഞ്ഞു. മലപ്പുറം ജില്ലയില്‍ യു.ഡി.എഫിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ കേരള യാത്രയോടെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.വി.എം.സുധീരന്റെ യാത്രയോടെ പ്രാദേശികമായ പ്രശ്നങ്ങള്‍ ഏറെകുറെ അവസാനിച്ചിട്ടുണ്ട്.ആര്യാടന് മുഹമ്മദ് വളരെ സജീവമായാണ് ഞങ്ങളുടെ യാത്രയെ വരവേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗ് നേതാക്കളായ കെ.പി.എ.മജീദ്, ഇ.ടി.മുഹമ്മദ് ബഷീര്‍,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,എം.കെ.മുനീര്‍,പി.വി.അബ്ദുള്‍ വഹാബ്, പി.അബ്്ദുള് ഹമീദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്.സാംബന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും ട്രഷറര്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നന്ദിയും പറഞ്ഞു.
