തെളിവില്ല, മാണി മൂന്നാമതും കുറ്റവിമുക്തന്‍

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാണിക്കെതിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് എസ്പി കെജി ബൈജു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ബാര്‍ക്കോഴ കേസില്‍ ഇത് മൂന്നാം തവണയാണ് കെഎം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നേരത്തെ യുഡിഎഫ് ഭരണകാലത്ത് രണ്ട് തവണ മാണിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ബാര്‍ക്കോഴ കേസില്‍ കെഎം മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ സമയപരിധി അവസാനിച്ച മാര്‍ച്ച് നാലാം തീയതി വരെ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല.

സമയപരിധി അവസാനിച്ചതിന്റെ പിറ്റേദിവസമാണ് ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഭയന്ന് വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക നിര്‍ദേശം നല്‍കിയതിനാലാണ് വിജിലന്‍സ് എസ്പി ബൈജു തിങ്കളാഴ്ച രാവിലെ റിപ്പോര്‍ട്ട് നല്‍കിയത്.

ബാര്‍ക്കോഴ കേസില്‍ കെഎം മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കെഎം മാണിക്കെതിരായി ഒരു തെളിവ് പോലും ലഭിച്ചിട്ടില്ലെന്നും റിേേപ്പാര്‍ട്ടില്‍ പറയുന്നു.

നേരത്തെ, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മാണിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. ഈ അന്വേഷണത്തിലും മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *