തിരുവനന്തപുരം: നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് ഡി ശ്രീദേവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സാങ്കേതികതക്കുള്ളില്‍ കുടുങ്ങിപ്പോകാതെ സമൂഹത്തിന്റെ നന്മ എന്ന പൊതുവായ ചിന്ത കൂടി മനസ്സിലിരുത്തിക്കൊണ്ട് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജസ്റ്റിസ് ശ്രീദേവി മുന്നോട്ടുവെച്ച മാതൃക ശ്രദ്ധേയമായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെക്കുറിച്ച് അവര്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ജഡ്ജിയായിരിക്കെയും വനിതാ കമ്മീഷന്റെ അധ്യക്ഷയായിരിക്കെയുമൊക്കെ മലയാളികള്‍ മനസ്സിലാക്കിയിരുന്നതാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വനിതാകമ്മീഷന്‍ അധ്യക്ഷയെന്ന നിലയില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. നിയമരംഗത്ത് തനിക്കുള്ള പരിചയസമ്ബത്തും പ്രാഗത്ഭ്യവും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അവര്‍ വിനിയോഗിച്ചു. ജസ്റ്റിസ് ശ്രീദേവിയുടെ കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. സംസ്കാരം ഇന്ന് വൈകിട്ട് രവിപുരം ശ്മശാനത്തില്‍ നടക്കും. എറണാകുളം കലൂര്‍ വൈലോപ്പിള്ളി ലൈനില്‍ മകന്‍ ബസന്ത് ബാലാജിയുടെ വസതിയിലായിരുന്നു അന്ത്യം. മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കൂടിയാണ് ബസന്ത് ബാലാജി. പ്രമുഖ അഭിഭാഷകനായ യു ബാലാജിയാണ് ഭര്‍ത്താവ്.
1997 ലാണ് അവര്‍ ഹൈകോടതി ജഡ്ജിയായി സ്ഥാനമേറ്റെടുക്കുന്നത്. 2001 ല്‍ റിട്ടയര്‍ ചെയ്തു. അതിന് ശേഷം രണ്ട് തവണ, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്!സണുമായി.
