അഗര്‍ത്തല: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഇന്ന് ത്രിപുരയില്‍ സന്ദര്‍ശനം നടത്തും. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്തെ സിപിഐഎമം പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരി സംസ്ഥാനത്ത് എത്തുന്നത്. അക്രമം നടന്ന സ്ഥലങ്ങള്‍ യെച്ചൂരി സന്ദര്‍ശിക്കും.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടു. സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി. ഇതിനെ ന്യായീകരിക്കുന്ന സമീപനമായിരുന്നു ബിജെപി കേന്ദ്രനേതാക്കളുടേത്. അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐഎം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
134 പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടെന്നും 208 എണ്ണം പിടിച്ചെടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്. 1539 വീടുകള്‍ ആക്രമിക്കപ്പെട്ടെന്നും 514 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച ത്രിപുരയിലെത്തുന്ന യെച്ചൂരി രണ്ട് ദിവസം അവിടെ തങ്ങുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി ബിജന്‍ ധര്‍ പറഞ്ഞു. വേണ്ടി വന്നാല്‍ കൂടുതല്‍ ദിവസം തങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ദിവസം തന്നെയാണ് യെച്ചൂരി സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.
