കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും തുറക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.സി.ബി.സി രംഗത്ത്. പിണറായി സര്‍ക്കാറിന്‍റെ മദ്യനയത്തിലുള്ള ജനങ്ങളുടെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി.
ചെങ്ങന്നൂരില്‍ സര്‍ക്കാറിനെതിരായ ജനമനസ് പ്രകടമാകും. മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണ്. പ്രകടനപത്രികയോടെങ്കിലും സര്‍ക്കാറിന് ആത്മാര്‍ഥത വേണം. മദ്യശാലകള്‍ തുറക്കാനുള്ള നീക്കം സര്‍ക്കാറിന് തിരിച്ചടിയാകുമെന്ന് താമരശേരി ബിഷപ്പ് വ്യക്തമാക്കി.
മദ്യനയം മറ്റൊരു ‘ഒാഖി’ ദുരന്തമാണ്. മദ്യനയത്തില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുകയാണ്. മദ്യകച്ചവടം തിരിച്ചു കൊണ്ടു വരുന്നത് സി.പി.ഐയുടെ സമ്മര്‍ദം മൂലമാണ്. സര്‍ക്കാറിന് ധാര്‍മികതയില്ല. ജനത്തോട് ചെയ്ത വലിയ വഞ്ചനയാണിത്. ഏപ്രില്‍ രണ്ടിന് മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിഷപ്പ് ഇഞ്ചനാനിയില്‍ അറിയിച്ചു.
