ആരോഗ്യ നഗരത്തില്‍ ‘ഹര്‍ത്താല്‍’

പെരിന്തല്‍മണ്ണ: ഹോസ്പിറ്റല്‍സിറ്റി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ ആരോഗ്യഹര്‍ത്താലിന് വഴിയൊരുങ്ങുന്നു. വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നേഴ്‌സുമാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്താനൊരുങ്ങുന്നത്. ചെറുതും വലുതുമായ ഇരുപതിലധികം ആശുപത്രികളാണ് പെരിന്തല്‍മണ്ണയിലും സമീപ പ്രദേശങ്ങളിലുമായി ഉള്ളത്.സമരത്തിന് മുന്നോടിയായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ആശുപത്രി അധികാരികള്‍ക്ക് നല്‍കുന്നതിനും നേഴ്‌സുമാരുടെ സംഘടനാ യോഗത്തില്‍ തീരുമാനമായി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് ഒരു മാസത്തെ സാവകാശം ആശുപത്രി അധികാരികള്‍ക്ക് നല്‍കുമെന്നും അനുഭാവപൂര്‍ണ്ണമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം പണിമുടക്കാനുമാണ് നേഴ്‌സുമാരുടെ തീരുമാനം.
മിനിമം പ്രതിദിന വേതനം 1000 രൂപയാക്കി ഉയര്‍ത്തുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക, ഐസിയു പോലെ അടിയന്തര പ്രാധാന്യമുള്ള യൂണിറ്റുകളില്‍ രോഗിനേഴ്‌സ് അനുപാതം 1:1 പാലിക്കുക, അധികസമയ ജോലിക്ക് ശമ്പളം നല്‍കുക, പ്രവര്‍ത്തിപരിചയം അടിസ്ഥാനമാക്കി ശമ്പളം പുനക്രമീകരിക്കുക, ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഫെസ്റ്റിവല്‍ അലവന്‍സ് നടപ്പാക്കുക, യൂണിഫോം അലവന്‍സ് നിര്‍ബന്ധമായും നല്‍കുക, ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അനാവശ്യ ബോണ്ടുകളില്‍ ഒപ്പ് വെക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക, നൈറ്റ് ഡ്യൂട്ടിയുടെ എണ്ണം പ്രതിമാസം നാലായി നിജപ്പെടുത്തുക, അതില്‍ കൂടുതല്‍ വന്നാല്‍ ഇരട്ടി ശമ്പളം നല്‍കുക, മെറ്റേണിറ്റി ലീവ് ആറ് മാസമായി ഉയര്‍ത്തുക, സര്‍ക്കാര്‍ തീരുമാനം അനുസരിച്ചുള്ള 10 ദിവസത്തെ പെറ്റേണിറ്റി ലീവും നടപ്പാക്കുക, ഉത്സവ കാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരട്ടി ശമ്പളം നല്‍കുക.

പിന്നീട്, അവധിയും അനുവദിക്കുക, കുറഞ്ഞത് 2000 രൂപ ഇന്‍ചാര്‍ജ്ജ് അലവന്‍സ് നല്‍കുക, സൗജന്യ താമസ സൗകര്യമോ അല്ലെങ്കില്‍ അക്കമഡേഷന്‍ അലവന്‍സോ അനുവദിക്കുക, 35 ശതമാനം മെയില്‍ റിസര്‍വേഷന്‍ നടപ്പാക്കുക, സ്റ്റാഫ് നേഴ്‌സിന് മാത്രമായി പഞ്ചിംഗ് മെഷീന്‍ സ്ഥാപിക്കുക, രാജിവെക്കുന്ന ചെയ്യുന്ന സ്റ്റാഫിന്റെ ഇഎല്‍, സിഎല്‍, ഓഫ് സറണ്ടര്‍ ചെയ്ത് അതിന്റെ ശമ്പളം നല്‍കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ സമരരംഗത്തേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *