ദേശീയപാത വികസനത്തിന്റെ പിന്നില്‍ സ്ഥാപിത താല്‍പര്യശക്തികള്‍: മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ പിന്നില്‍ സ്ഥാപിത താല്‍പര്യശക്തികള്‍ നടത്തുന്ന കള്ളക്കളികള്‍ വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരി പഞ്ചായത്തില്‍പ്പെടുന്ന തുരുത്തി പ്രദേശവുമായി ബന്ധപ്പെട്ട അലൈന്‍മെന്റിലെ മാറ്റങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ വിഷയം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനം പോസ്റ്റ് ചെയ്തത്.

ജനഹിതം മാനിച്ചും ജനങ്ങളെ പങ്കാളികളാക്കിയുമാണ് യഥാര്‍ത്ഥ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത്. അതല്ലാതെയുള്ള ഏത് മാര്‍ഗവും വികസനവിരുദ്ധവും ജനദ്രോഹപരവും ആയിരിക്കും. പട്ടാള ഭരണത്തില്‍ മാത്രം നടക്കുന്ന ഈ ജനവിരുദ്ധ ശൈലിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അലൈന്‍മെന്റുകളില്‍ മാറ്റംവരുത്തി കുടുംബങ്ങളെ അവിടെ നിന്ന് കുടിയിറക്കി ആ പ്രദേശം ഭൂമാഫിയയ്ക്ക് ലഭ്യമാക്കാനുള്ള ‘ഹിഡന്‍ അജണ്ട’യാണ് ഇതിന്റെ പിന്നിലുള്ളതെന്ന പ്രദേശവാസികളുടെ ആക്ഷേപത്തില്‍ കഴമ്ബുണ്ടെന്നും സുധീരന്‍ പറഞ്ഞു.

ഒരു ജനതയ്ക്കും പ്രദേശത്തിനും ഇത്രമേല്‍ നാശം വരുത്തുന്ന അലൈന്‍മെന്റ് മാറ്റത്തിന്റെ പിന്നിലെ വിഐപികള്‍ ആരാണ്? സുധീരന്‍ ചോദിക്കുന്നു. വിഷയത്തില്‍ ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും തെറ്റ് തിരുത്തി ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *