പ്യോംഗ്യാംഗ്: വാഗ്ദാനം ചെയ്തതുപോലെ ഉത്തരകൊറിയ അവരുടെ ആണവപരീക്ഷണകേന്ദ്രമായ പുംജിയേരി സൈറ്റ് തകര്‍ത്തു. ദക്ഷിണകൊറിയ, അമേരിക്ക മുതലായ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതു നേരിട്ടു റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമൊരുക്കി. അതേസമയം, ആണവകാര്യങ്ങളില് വിദഗ്ധരായ അന്താരാഷ്ട്ര നിരീക്ഷകരെ ക്ഷണിച്ചിരുന്നില്ല.
ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളുടെ കേന്ദ്രമാണ് ഭൂമിക്കടിയിലുള്ള പുംജിയേരി സൈറ്റ്. ആറ് പരീക്ഷണങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഏറ്റവും അവസാനം പരീക്ഷിച്ചത്. ഇതില്‍ സൈറ്റ് ഭാഗികമായി തകര്‍ന്നതായിട്ടാണ് കരുതപ്പെടുന്നത്.
ഇന്നലെ മണിക്കൂറുകള്‍ നീണ്ട സ്ഫോടനത്തിലൂടെയാണ് സൈറ്റ് പൊളിച്ചുകളഞ്ഞത്. പരീക്ഷണകേന്ദ്രത്തിലേക്കുള്ള മൂന്നു തുരങ്കങ്ങളും ഗവേഷകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ടവറുകളും തുരങ്കങ്ങളും നശിപ്പിച്ചു.
നടക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട കിം-ട്രംപ് ഉച്ചകോടിക്കു മുന്നോടിയായിട്ടാണ് പുംജിയേരി സൈറ്റ് തകര്‍ക്കുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചത്. സൈറ്റ് പൊളിച്ചുകളഞ്ഞെങ്കിലും കൈയിലുള്ള അണ്വായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിട്ടില്ല. ഇതേസമയം ഭൂകന്പത്തില്‍ സൈറ്റ് തകര്‍ന്നിരുന്നുവെന്നു വീണ്ടും ഉപയോഗയോഗ്യമല്ലാത്ത സാഹചര്യത്തിലാണു പൊളിച്ചുകളയാന്‍ കിം തയാറായതെന്നും റിപ്പോര്‍ട്ടുണ്ട്.
