ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയിലെ രാഹുല്‍ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റര്‍ യുദ്ധം ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കണം എന്ന ചലഞ്ച് ആണ് ട്വിറ്റര്‍ വഴി പിണറായിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അധിക നികുതി വേണ്ടെന്ന് വച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം സംഘടിപ്പിച്ചു താഴ്ത്തിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രിക്കറ്റ് താരം വിരാട് കോലി നരേന്ദ്ര മോദിയെ ഫിറ്റ്നസില്‍ ട്വിറ്റര്‍ വഴി വെല്ലുവിളിച്ചതാണ് തുടക്കം. ഈ ചലഞ്ച് മോദി ഏറ്റെടുത്തതിന് പിന്നാലെ ഇന്ധന വില കുറയ്ക്കണമെന്ന ചലഞ്ചുമായി ട്വിറ്ററില്‍ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ധനവില കുറച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്കി. ഇതേ പാത പിന്തുടര്ന്നാണ് പിണറായിക്കെതിരെ ഫ്യുവല്‍ ചലഞ്ചുമായി രമേശ് ചെന്നിത്തല ട്വീറ്റ് ചെയ്തത്. ഇന്നലത്തെ പെട്രോള്‍ വില ലിറ്ററിന് 81.67 രൂപയും ഡീസലിന് 74.41 രൂപയുമാണ്. ലിറ്ററിന് 40 രൂപയാക്കും എന്ന് ഉറപ്പ് നല്‍കിയാണ് നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയത്.
40 രൂപയ്ക്ക് അരലിറ്റര്‍ പെട്രോള്‍ പോലും ലഭിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നത് പോലെയാണ് മോദിയും പിണറായിയും. ജനജീവിതം തകര്‍ത്തെറിഞ്ഞു ഇന്ധനവിലയുമായി മോദി കുതിക്കുമ്ബോള്‍ അധിക നികുതി വേണ്ടെന്ന് വച്ച് ആശ്വാസം നല്കാന് പോലും പിണറായി സര്‍ക്കാര്‍ തയാറായിട്ടില്ല. നികുതി വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് നിയമസഭയില്‍ പറഞ്ഞ ധനകാര്യമന്ത്രി തോമസ് ഐസക് ജനങ്ങളെ വെല്ലുവിളിക്കുകയായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
