തിരുവനന്തപുരം: വകുപ്പ് തലവനായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പൂര്‍ണമായും വെട്ടിനിരത്തി വിജിലന്‍സ് . ജേക്കബ് തോമസിന്റെ 36 സര്‍ക്കുലറുകളില്‍ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം വിജിലന്‍സ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്‌ടര്‍ എന്‍.സി. അസ്താന റദ്ദാക്കി. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രങ്ങള്‍എന്നീ വിഷയങ്ങളില്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ ചട്ടവിരുദ്ധമാണെന്ന് മൂന്നംഗ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ബി.എസ്.എഫ് എ.ഡി.ജി.പി.യായി പോകുന്ന അസ്‌താന 31 ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഒഴിയാനിരിക്കെയാണ് വിവാദ നടപടി.
വിജിലന്‍സ് തലവനായിരിക്കെ ജേക്കബ് തോമസ് പുറത്തിറക്കിയ ചില സര്‍ക്കുലറുകള്‍ സര്‍ക്കാരിന്റെ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരു പരാതി ലഭിച്ചാല്‍ ഡയറക്‌ടറെ അറിയാക്കാതെ തന്നെ അതില്‍ ഡി.വൈ.എസ്.പിക്ക് കേസെടുക്കാമെന്നും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ടെന്ന വിലയിരുത്തലില്‍ തീരുമാനം പരിശോധിക്കാന്‍ രണ്ട് ഡി.വൈ.എസ്.പിമാര്‍ അടങ്ങിയ ഒരു സമിതിയെ നിയോഗിച്ചു. ഈ സമിതിയാണ് ജേക്കബോ തോമസിന്റെ സര്‍ക്കുലറുകളില്‍ ഭൂരിഭാഗവും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയത്.
സാധാരണ മുന്‍ ഡയറക്‌ടര്‍മാരുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കുകയും ചിലത് റദ്ദാക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് മുന്‍ ഡയറക്‌ടറുടെ ഉത്തരവുകള്‍ പൂര്‍ണമായും റദ്ദാക്കുന്നത്. വിജിലന്‍സ് തലവനായിരിക്കെ ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറുകളില്‍ 27,34,35 എന്നീ നമ്ബരുകളൊഴികെ ബാക്കിയെല്ലാം റദ്ദാക്കിയിട്ടുണ്ട്.
