തിരൂര്‍: കവിതാലാപനത്തിലൂടെ, അനുഭവകഥനത്തിലൂടെ അനുസ്മരണ ഭാഷണങ്ങളിലൂടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രിയ കവി ഒ.എന്‍.വി യ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കലാശാലയുടെ രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന ‘മലയാളത്തിന്റെ പ്രിയ കവിയ്ക്ക് പ്രണാമം’ എന്ന പരിപാടിയില്‍ വൈസ് ചാന്‍സലറോടൊപ്പം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ കാവ്യാനുഭവങ്ങളും കവിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും പങ്കുവെച്ചു.
ചരിത്രത്തോടൊപ്പം സഞ്ചരിച്ച കവിയായിരുന്നു ഒ.എന്‍.വി എന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കായി കത്തിയെരിയുന്ന സൂര്യനെ ഉപാസിച്ച കവി സ്വയം ഉരുകി രൂപപ്പെട്ടവയാണ് അദ്ദേഹത്തിന്റെ കവിതകള്‍. മനുഷ്യനെയറിഞ്ഞ മണ്ണിന്റെ മണമുള്ള കവിതകളായിരുന്നു അവ. ‘നിളയില്‍ നീരാടുവാന്‍ വൈകിയെത്തുന്ന പൂന്തിങ്കളെ കാത്തിരുന്ന പ്രിയ കവി അന്തിമയങ്ങിയ നേരത്ത് മിണ്ടാതെ പോയെ’ ന്ന് ടെലിഫോണില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘പാട്ടുകാരന് നാളെയുടെ ഗാട്ടുകാരന്‍’ എന്നുപാടിയ കവി കാലങ്ങളോളം മലയാളി മനസ്സില്‍ ജീവിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന് കവിയെ അനുസ്മരിച്ചു. കവി, ഗാനരചയിതാവ്, മതേതരത്വത്തില്‍ അടിയുറച്ച സാമൂഹ്യപ്രവര്‍ത്തകന്‍, മാതൃഭാഷക്കും കലാകാരന്റെ സ്വാതന്ത്ര്യത്തിനുമായി പ്രവര്‍ത്തിച്ച ആക്ടിവിസ്റ്റ് തുടങ്ങി കവിയുടെ വൈവിദ്ധ്യമാര്‍ന്ന വ്യക്തിത്വങ്ങളെ തുടര്‍ന്നുള്ള പ്രസംഗകര്‍ വിലയിരുത്തി. മലാളവിഭാഗം മേധാവി ഡോ. ടി. അനിതകുമാരി, ഭാഷാശാസ്ത്രവിഭാഗം മേധാവി ഡോ. എം. ശ്രീനാഥന്‍, കവി ഡോ. ദേശമംഗലം രാമകൃഷ്ണന്, അസി. പ്രൊഫസര്‍മാരായ ഡോ. അശോക് ഡിക്രൂസ്, ഡോ എന്‍.വി മുഹമ്മദ് റാഫി, ഡോ. രോഷ്നി സ്വപ്ന, യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് ശ്രീ. വിനീഷ്. എ.കെ എന്നിവര്‍ സംസാരിച്ചു. ഡോ. സ്മിത.കെ.നായര്‍, ദിവ്യ, ശ്രീകല, ഗായത്രി, അഖില്‍.കെ.തങ്കപ്പന്, പ്രിയലക്ഷമി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
