സമസ്ത പറയും ലീഗ് കേള്‍ക്കും

ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൊണ്ണൂറാം വാര്‍ഷിക സമ്മേളനം സമാപിക്കുമ്പോള്‍ സമസ്ത ശക്തി തെളിയിച്ചു. സംസ്ഥാനത്ത് ഒരു സംഘടന എത്രത്തോളം ശക്തി തെളിയിക്കാമോ അതാണ് സമസ്ത ആലപ്പുഴയില്‍ തെളിയിച്ചത്. കേരളം ഒരു തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്ന യു ഡി എഫ് അതിന്റെ സാധ്യത മുഴുവന്‍ തേടുകയാണ്. യു ഡി എഫ് രണ്ടാം കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ് ഒട്ടൊന്ന് ആശയക്കുഴപ്പത്തില്‍പ്പെട്ടത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സമുദായ വോട്ട് അനുകൂലമാക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങള്‍ ഇക്കുറി എത്രത്തോളം ഫലിക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുമുണ്ട്. സമസ്ത ആലപ്പുഴയില്‍ ശക്തി തെളിയിച്ചത് കേരള രാഷ്ട്രീയത്തെ കാണിക്കാന്‍ മാത്രമല്ല മറിച്ച്, ലീഗിനുമുള്ള മുന്നറിയിപ്പാണ്. ലീഗും സമസ്തയും തമ്മിലുള്ള ആശയസംഘട്ടനങ്ങള്‍ ഈ സര്‍ക്കാര്‍ വന്നതുമുതലുണ്ടായിരുന്നു.

മുസ്ലിം ലീഗിനെ സംബന്ധിച്ച് എപി ഇകെ സുന്നികളെ തെരഞ്ഞെടുപ്പില്‍ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കാലങ്ങളായി ഉണ്ടായിരുന്നത്. എന്നാല്‍ എ പി സുന്നി വിഭാഗത്തെ തെരഞ്ഞെടുപ്പ് കണ്ട് പ്രീണിപ്പിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ശ്രമത്തിനെതിരെ സമസ്ത കൃത്യമായി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എന്നാല്‍ സമസ്തയുടെ ശക്തി ആലപ്പുഴയില്‍ കണ്ട സാഹചര്യത്തില്‍ ലീഗ് പുനര്‍ ചിന്തയിലാണ്. മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രികക്കെതിരെ സമസ്ത തങ്ങളുടെ പത്രമായ സുപ്രഭാതത്തിലൂടെ കൃത്യമായി ലീഗിന് തിരിച്ചടി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയം വരുമ്പോള്‍ എപി സുന്നി വിഭാഗമടക്കമുളള സമുദായ വിഭാഗത്തെ അടുപ്പിച്ച് നിര്‍ത്തുന്ന നിലപാടായിരുന്നു കുഞ്ഞാലികുട്ടി സ്വീകരിച്ചത്. ഇത്തരം നീക്കത്തിന് തിരിച്ചടി നല്‍കാനാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇ കെ വിഭാഗം ആലപ്പുഴയില്‍ ശക്തി തെളിയിച്ചത്. ഇത് ലീഗിന് കാണാതിരിക്കാനുമാവില്ല. സമസ്ത ശക്തി കാണിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു തന്നെയാണ്. ഇക്കുറി തെരഞ്ഞെടുപ്പില്‍ സമസ്ത ഇടപെടുമെന്നത് തന്നെയാണ് സംഘടന ഉദ്ദേശിച്ചത്. ഇനി ലീഗ് ചര്‍ച്ചക്ക് ചെല്ലും സമസ്ത നേതാക്കളുമായി, അല്ലാതെ തെരഞ്ഞെടുപ്പ് നേരിടാന്‍ ലീഗിനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *