മലപ്പുറം: കാന്‍സര്‍ ബാധിച്ച് മരിച്ച എടത്തറ ആനമങ്ങാട് സ്വദേശി തെക്കന്‍ ഹലീമയുടെ സ്വത്ത് അവകാശ വിഹിതം സഹോദരി തെക്കന്‍ സാറ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
സ്വത്ത് വിഹിതമായ 91875 രൂപയിലേക്ക് 8125 രൂപ കൂട്ടിച്ചേര്‍ത്ത് ഒരു ലക്ഷമാണ് സാറ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന് കൈമാറിയത്. ഭര്‍ത്താവ് സി.എച്ച് അലിക്ക് ഒപ്പമെത്തിയാണ് കോങ്ങാട് കെ.പി.ആര്‍.പി. സ്‌കൂളിലെ റിട്ട: അധ്യാപികയായ സാറ തുക ജില്ലാ കലക്ടറെ ഏല്‍പ്പിച്ചത്. സാറയുടെ തീരുമാനം മഹത്തായ മാതൃകയാണെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. കഴിവിന്റെ പരമാവധി ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്ന് സാറയും പറഞ്ഞു.
മരിച്ച തെക്കന്‍ ഹലീമയ്ക്ക് കുട്ടികളില്ല. അതിനാലാണ് സ്വത്ത് വിഹിതം സാറയ്ക്കും മറ്റ് സഹോദരങ്ങള്‍ക്കും ലഭിച്ചത്. ലഭിച്ച തുക മറ്റൊരു സഹോദരിയായ ആയിഷ ആനമങ്ങാട് പള്ളിയിലേക്ക് നേരത്തെ സംഭാവന നല്‍കിയിരുന്നു.
