ജോര്‍ജ് ജോണ്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ അടുത്തകാലത്തുണ്ടാവാത്ത പ്രതിസന്ധി നേരിടുന്ന സി പി എമ്മിനെ കൂടുതല്‍ വിഷമവൃത്തത്തിലാക്കി വി എസ്. ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന അവിടുത്തെ പാര്‍ട്ടി ഘടകത്തിന്റെ നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തു നലല്‍കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് കൈമാറിയത്. മമതയുടെ മുന്നേറ്റത്തില്‍ കാലങ്ങളായുള്ള അധികാരം ബംഗാളില്‍ സി പി എമ്മിന് നഷ്ടപ്പെട്ടതിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ മമതയെ തളയ്ക്കാന്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയേ തീരൂവെന്ന നിലപാടിലാണ് സംസ്ഥാന പാര്‍ട്ടി ഘടകം. ഇക്കാര്യം പി ബിയില്‍ ചര്‍ച്ചയാവുകയും ഒടുക്കം കേന്ദ്രകമ്മിറ്റിയിലേക്ക് തീരുമാനത്തിന് വിടുകയും ചെയ്തിരുന്നു. പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിനൊപ്പമാണ്. എന്നാല്‍ മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പി ബിയിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ നിലപാടാണ് സ്വീകരിച്ചത്.
ബംഗാളില്‍ കോണ്‍ഗ്രസിനോട് കൂട്ടുകൂടുന്നത് ഏറെ ബാധിക്കുക തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കുന്ന കേരളത്തിലാവുമെന്ന് കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് സി പി എമ്മിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പാര്‍ട്ടിക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് കേരളത്തില്‍ നിന്നുള്ള പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം അധികാരം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ബംഗാള്‍ നേതാക്കളുടെ വാദത്തിന് എത്ര വിലയുണ്ടാവുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ദേശീയപാര്‍ട്ടിയാണെങ്കിലും ബംഗാളില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് സി പി എമ്മിന്റെ ദേശീയ പാര്‍ട്ടി സ്ഥാനത്തിന് ഭീഷണിയുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ലഭിക്കാവുന്ന ജയം ഇല്ലാതാക്കാന്‍ ഔദ്യോഗിക പക്ഷം വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് പറയുമ്പോഴാണ് വി എസ് ബംഗാളിനെ അനുകൂലിച്ച നിലപാട് സ്വീകരിച്ചത്. ഇത് വീണ്ടും സി പി എമ്മില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.
