കോഴിക്കോട്: മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിനെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് എല്ലാ തന്ത്രങ്ങളും പയറ്റും. പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളില്‍ രണ്ടു തവണ പരാജയം മണക്കേണ്ടി വന്ന മജീദിനെ ഇനിയും പരീക്ഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറല്ല. അദ്ദേഹത്തിന് ഉറച്ചൊരു സീറ്റു തന്നെ പാര്‍ട്ടി ഇത്തവണ നല്‍കുമെന്നാണറിയുന്നത്.
മികച്ച സംഘടനാ പാടവത്തിലൂടെ മുസ്‌ലിം ലീഗിനെ ശക്തമാക്കി നിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന നേതാവാണ് കെ.പി.എ.മജീദ്. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. നേരത്തെ മങ്കട നിയമസഭാ മണ്ഡലത്തിലും പിന്നീട് മഞ്ചേരി ലോകസഭമണ്ഡലത്തിലും അദ്ദേഹം തെരഞ്ഞെടുപ്പുകളില്‍ തോറ്റു. ലീഗിലെ അപ്രധാനികളായവര്‍ വരെ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോഴും മജീദ് തോറ്റത് എന്തു കൊണ്ടാണെന്ന് പാര്‍ട്ടിക്ക് മനസ്സിലായിട്ടില്ല. എന്നാല്‍ മുസ്‌ലിം സാമൂദായിക രാഷ്ട്രീയം മജീദിന് എതിരായിരുന്നുവെന്നായിരുന്നു ഓരോ തോല്‍വിക്ക് ശേഷവുമുള്ള വിലയിരുത്തല്‍. മുജാഹിദ് വിഭാഗത്തോട് അടുത്തു നിന്ന അദ്ദേഹത്തെ സുന്നികള്‍ പിന്തുണച്ചില്ലെന്നതായിരുന്നു ലളിതമായ വാദം.
കെ.പി.എ.മജീദിന്റെ രണ്ട് തോല്‍വിയും മലപ്പുറത്ത് ഇടതുപക്ഷത്തിന് ആഘോഷമായിരുന്നു. ആദ്യം മങ്കടയില്‍ അദ്ദേഹം പരാജയപ്പെട്ടപ്പോള്‍ അത് മലപ്പുറത്തെ ചുവപ്പന്‍ കുതിപ്പിന് തുടക്കമായി. പിന്നീട് മഞ്ചേരിയില്‍ മജീദിനെ ടി.കെ.ഹംസ തോല്‍പ്പിച്ചപ്പോള്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയായി.തുടര്‍ന്നുണ്ടായ ഇടതുതരംഗം മലപ്പുറത്ത് മുസ്്‌ലിം ലീഗിന്റെ പല കുത്തക മണ്ഡലങ്ങളെയും നിലംപരിശാക്കി.
എന്നാല്‍ ഇന്ന് രാഷ്ട്രീയ കാലാവസ്ഥ മാറിയിരിക്കുന്നു. കേരളയാത്രയോടെ മുസ്‌ലിം ലീഗ് ശക്തി തെളിയിച്ചിരിക്കുന്നു. യു.ഡി.എഫിലാകട്ടെ, ലീഗ് ഇന്ന് മികച്ച ഇമേജുള്ള പാര്‍ട്ടിയാണ്. മലപ്പുറത്ത് ഒരു തിരിച്ചടിക്ക് ഇത്തവണക്ക് സാഹചര്യമില്ലെന്ന വിലയിരുത്തലാണ് മുസ്്‌ലിം ലീഗിന്റേത്.
അടുത്ത നിയമസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കെ.പി.എ.മജീദ് ഉണ്ടാകണമെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. സ്ഥാനാര്‍ഥിപട്ടികയില്‍ ഇത്തവണ മജീദും ഉണ്ടാകാനാണ് സാധ്യത. അദ്ദേഹത്തിന് അനായാസം ജയിച്ചു കയറാനാകുന്ന മണ്ഡലം നല്‍കുമെന്നാണറിയുന്നത്. മലപ്പുറത്തോ,കൊണ്ടോട്ടിയിലോ അദ്ദേഹം മല്‍സരിച്ചേക്കുമെന്നാണ് സൂചനകള്‍.
