ജനാധിപത്യ കോണ്‍ഗ്രസ്സിലേക്ക്

മലപ്പുറം:  കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചത്.  ജോണി നെല്ലൂര്‍ എം എല്‍ എക്ക് സീറ്റ് നിഷേധിച്ചതാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അവഗണന നേരിടേണ്ടി വന്നതോടെ യു ഡി എഫ് വിടണമെന്ന പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് മണ്ഡലം, നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടത്തിയ കൂടിയാലോചനയുടെ ഒടുക്കം ജില്ലാ കമ്മിറ്റി ചേര്‍ന്നാണ് ഈ തിരൂമാനമെടുത്തത്.

യു ഡി എഫ് സര്‍ക്കാറിന്റെ അഴിമതിയും കര്‍ഷക ദ്രോഹ നടപടികളും വര്‍ഗീയതയോടുള്ള മൃദുസമീപനവും സംസ്ഥാനത്തിന്റെ ഭാവിക്ക് അപകടകരമാണെന്ന് മാത്യു സെബാസ്റ്റ്യന്‍ പറഞ്ഞു. ബി ജെ പി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ വര്‍ഗീയതയെ തടയാന്‍ മുസ്ലിം ലീഗുമായുള്ള  ബന്ധത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന് കഴിയുന്നില്ല. കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും സംഘടിപ്പിച്ച് ജില്ലയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റേയും ഇടതുമുന്നണിയുടെയും അടിത്തറ വികസനിപ്പിക്കുന്നതിനാവശ്യമായ കര്‍മപരിപാടികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലയില്‍ നിന്നുള്ള 12 സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ കമ്മിറ്റിയിലെ സെക്രട്ടറിമാരടക്കം എട്ടു പേര്‍ രാജിസമര്‍പ്പിച്ച് ഒപ്പിട്ടു നല്കിയ രേഖയും വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പുറത്തു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *