ഇന്ന് രാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. പണിമുടക്ക് തടഞ്ഞ ഹെെക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നില്ലെന്നും സര്‍ക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും കെ.എസ്.ആര്‍.ടി.സി യൂണിയന്‍ അഭിപ്രായപ്പെട്ടു. നേരത്തെ,അനിശ്ചിതകാല പണിമുടക്ക് ഹെെക്കോടതി തടഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ നാളെ മുതല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് നേരത്തെ യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്ബള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങുക.
ശമ്ബള പരിഷ്‌കരണ റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി ചര്‍ച്ചയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സെക്രട്ടറി അറിയിച്ചത്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചിരുന്നു.
