തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെക്കുറിച്ച് നമ്മുടെ മനസിലുള്ള സങ്കല്‍പ്പത്തിന് ഒട്ടും കുറവ് വരാതെ അഭ്രപാളികളില്‍ ചിത്രീകരിക്കുന്നതില്‍ കേരളകൗമുദി വിജയിച്ചതായി പരമ്ബരയുടെ ആദ്യഭാഗം കണ്ടപ്പോള്‍ മനസിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള നവോത്ഥാന ചരിത്രത്തിലെ ആത്മീയസൂര്യനായ ശ്രീനാരായണ ഗുരുദേവന്റെ ജീവിത മുഹൂര്‍ത്തങ്ങളും ചരിത്രഗതി മാറ്റിയ കര്‍മ്മപഥങ്ങളും ഉള്‍പ്പെടുത്തി കൗമുദി ടിവി നിര്‍മ്മിക്കുന്ന ’മഹാഗുരു” മെഗാ പരമ്ബരയുടെ പ്രിമിയര്‍ ട്രെയിലര്‍ പ്രദര്ശനചടങ്ങില് മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിനെ കണ്ടിട്ടില്ലാത്തവര്‍ക്കായി ഗുരുവിന്റെ മനസും ശരീരവും സമൂഹത്തിന് മുന്നിലെത്തിക്കാനാവും വിധം പരമ്ബരയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഗുരുദേവന്റെ ജീവിതം ഇത്തരത്തില്‍ ചിത്രീകരിച്ച് സമൂഹത്തിന് മുന്നിലെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതില്‍ കേരളകൗമുദി വിജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘മഹാഗുരു” പരമ്ബരയുടെ പ്രചാരണാര്‍ത്ഥം കേരളമൊട്ടാകെ നടത്തുന്ന റോഡ് ഷോ മുഖ്യമന്ത്രി പിണറായി വിജയന്‍ കൗമുദി ടിവി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി റെജിയ്ക്ക് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു. ‘മഹാഗുരു’ വിന്റെ നിര്‍മ്മാതാവ് ദര്‍ശന്‍രവി, സംവിധായകന്‍ ഡോ. മഹേഷ് കിടങ്ങില്‍, തിരക്കഥാകൃത്ത് മഞ്ചുവെള്ളായണി എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. കൈരളി തിയറ്ററില്‍ നടന്ന ചടങ്ങില്‍ കൗമുദി ടിവി പ്രോഗ്രാംസ് ചീഫ് ഡോ. മഹേഷ് കിടങ്ങില്‍ സ്വാഗതം ആശംസിച്ചു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജി. സുധാകരന്‍, ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മേയര്‍ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വി.എം.സുധീരന്‍, എം.എല്‍.എമാരായ സി.ദിവാകരന്‍, വി.എസ്. ശിവകുമാര്‍, കെ.മുരളീധരന്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, കേരളകൗമുദി ചീഫ് എഡിറ്രര്‍ ദീപുരവി, കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ദര്ശന് രവി,കേരള കൗമുദി ഡെപ്യൂട്ടി എഡിറ്രര്‍മാരായ വി.എസ് രാജേഷ്, എം.എം സുബൈര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 30 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആണ് റോഡ് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പാറശ്ശാലയില്‍ നിന്ന് റോഡ് ഷോ അരുവിപ്പുറം, ചെമ്ബഴന്തി ഗുരുകുലം, ശിവഗിരി, ആലുവ അദ്വൈതാശ്രമം തുടങ്ങി ഗുരുദേവനുമായി ബന്ധപ്പെട്ട പുണ്യകേന്ദ്രങ്ങളിലൂടെ കടന്ന് കാസര്‍കോട്ട് സമാപിക്കും. പ്രധാന കേന്ദ്രങ്ങളില്‍ ’മഹാഗുരു” ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും. ശ്രീനാരായണ ഗുരുദേവനെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥങ്ങളുടെ പിന്‍ബലത്തോടെ, ഗുരുവിന്റെ ജനനം, ബാല്യം, കൗമാരം, വാരണപ്പള്ളിയിലെ വിദ്യാഭ്യാസം, വിവാഹം, മരുത്വാമലയിലെ തപസ്, അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരി ശാരദാപ്രതിഷ്ഠ, മറ്റു ക്ഷേത്ര പ്രതിഷ്ഠകള്‍ എന്നിവ പരമ്ബരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്, തൈക്കാട് അയ്യാഗുരു, ചട്ടമ്ബിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി, ഡോ. പല്പു, മഹാകവി കുമാരനാശാന്, വെളുത്തേരി, പെരുന്നല്ലി, മൂലൂര്‍, സഹോദരന് അയ്യപ്പന്, ടി.കെ. മാധവന്, സി.വി. കുഞ്ഞുരാമന്, ശിവലിംഗദാസ സ്വാമി, ഭൈരവന് ശാന്തി തുടങ്ങി നൂറുകണക്കിന് ചരിത്രപുരുഷന്മാര് കഥാപാത്രങ്ങളായി എത്തുന്ന പരമ്ബരയില്‍ ഗുരുവുമായി ബന്ധപ്പെട്ട അദ്ഭുത കഥകള്‍, നര്‍മ്മ കഥകള്‍, കാരുണ്യ കഥകള്‍ എന്നിവയുമുണ്ടാകും. നൂറ് എപ്പിസോഡുകളായാണ് പരമ്ബര പൂര്‍ത്തിയാവുക.
